കൊച്ചി: നിപ രോഗബാധിതനായി ചികിത്സയിലുള്ള യുവാവിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇടയ്ക്ക്‌ ചെറിയ പനിയുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്നുണ്ട്. അമ്മയുമായി സംസാരിച്ചു. തുടർചികിത്സയുടെ കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ഡോക്ടർമാരുടെ സംഘം മെഡിക്കൽബോർഡ് യോഗം ചേർന്നതായും അധികൃതർ അറിയിച്ചു.

പുതിയ ഹെൽപ്പ്‌ ലൈൻ

നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ പുതിയ ഹെൽപ്പ്‌ലൈൻ കൺട്രോൾ റൂമിൽ പ്രവർത്തനമാരംഭിച്ചു. നമ്പർ: 0484- 2351185. വെള്ളിയാഴ്ച 22 ഫോൺകോളുകൾ ലഭിച്ചു. സംശയങ്ങൾക്കും വിവരങ്ങൾക്കുമായി ഇതുവരെ 512 കോളുകൾ ലഭിച്ചു.

ബോധവത്കരണം തുടരുന്നു

നിപ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പഞ്ചായത്ത് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ജാഗ്രതാപരിശീലനം നൽകി. ബ്ലോക്ക് അടിസ്ഥാനത്തിൽ നടന്ന പരിശീലനത്തിൽ 2983 പേർ പങ്കെടുത്തു.

നിപ ബാധിച്ച യുവാവിനെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും പരിശീലനം നൽകി. ഐ.എം.എ.യുടെ സഹകരണത്തോടെയാണ് പരിശീലനം. ജില്ലയിലെ പഞ്ചായത്തുകളിലെല്ലാം ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

content highlights:health condition of nipah affected student gets better