കൊച്ചി: പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ നിയമസഭാ സ്പീക്കറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രാജി നല്‍കിയെങ്കിലും അത് സ്വീകരിക്കാതെ പി.സി. ജോര്‍ജിനെ അയോഗ്യനാക്കിക്കൊണ്ടും രാജി തള്ളിക്കൊണ്ടും സ്പീക്കര്‍ 2015 നവംബര്‍ 13-നെടുത്ത തീരുമാനങ്ങളാണ് കോടതി റദ്ദാക്കിയത്.

സ്പീക്കറുടെ നടപടികളെ കോടതി വിമര്‍ശിച്ചു. തന്റെ രാജിക്കത്ത് നിരസിച്ച് അയോഗ്യത കല്പിച്ച സ്പീക്കറുടെ നടപടിക്കെതിരെ പി.സി. ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. തോമസ് ഉണ്ണിയാടന്റെ പരാതി പ്രകാരമാണ് സ്പീക്കര്‍ പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയത്. 

രാജിക്കത്ത് സമര്‍പ്പിച്ചിട്ടും അത് സ്വീകരിക്കാതെ പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ദുരുദ്ദേശ്യപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പി.സി. ജോര്‍ജിനെ അപമാനിച്ച് ഇറക്കിവിടാനാണ് അത്തരമൊരു നടപടിയെടുത്തതെന്ന് ന്യായമായും കരുതാം. സ്പീക്കറുടെ നടപടി ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും സ്വാഭാവിക നീതി നിഷേധവുമാകരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്പീക്കര്‍ നിഷ്പക്ഷനായി പെരുമാറണം.

പി.സി. ജോര്‍ജിന്റെ ഭരണഘടനാ അവകാശമാണ് ഇവിടെ നിഷേധിച്ചത്. ഇതില്‍ ദുരുദ്ദേശ്യവും വ്യക്തമാണ്. ജോര്‍ജ് രാജി നല്‍കിയതോടെ അയോഗ്യതയിലുള്ള തീരുമാനം അവസാനിച്ചു.  സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച പി.സി. ജോര്‍ജ് തുടര്‍ന്നും നിയമസഭാംഗമായി തുടരാന്‍ യോഗ്യനല്ലെന്ന് വ്യക്തമാണ്. അത് മനസ്സിലാക്കിത്തന്നെയാവണം അദ്ദേഹം രാജി നല്‍കിയത്. രാജിയോടെ അക്കാര്യത്തില്‍ അന്തിമ തീരുമാനമായി. രാജി തള്ളിയിട്ട് പുറത്താക്കല്‍ നടപടി എടുത്തത് ദുരുദ്ദേശ്യപരമാണ് - കോടതി ചൂണ്ടിക്കാട്ടി.

2015 നവംബര്‍ 12-നാണ് പി.സി. ജോര്‍ജ് രാജി നല്‍കിയത്. അന്വേഷണ വിധേയമായി രാജി മരവിപ്പിച്ച് നവംബര്‍ 13-ന് സ്പീക്കര്‍ അയോഗ്യതാ തീരുമാനം ഇറക്കുകയായിരുന്നു. രാജി തള്ളിയത് രേഖകളില്‍ മാത്രമാണ്. ഇത് ജോര്‍ജിനെ അറിയിച്ചിട്ടില്ല. അയോഗ്യനാക്കിയ ഉത്തരവില്‍ രാജിക്കത്തിലെ നടപടി അന്വേഷണ വിധേയമായി മരവിപ്പിക്കുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. 

രാജിക്കത്ത് നിരസിച്ചുകൊണ്ടുള്ള ഉത്തരവ് സ്പീക്കറുടെ ലെറ്റര്‍ ഹെഡ്ഡില്‍ ആയിരുന്നില്ല. ഒപ്പും സീലും ഉണ്ടായിരുന്നില്ല. രാജി സ്വീകരിക്കാതെ പ്രാബല്യത്തില്‍ വരില്ലെന്നുള്ളത് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ഉടമ്പടിയില്‍ മാത്രമാണുള്ളത്. ഫയല്‍ കോടതി വിളിച്ചുവരുത്തുമ്പോള്‍ മാത്രമാണ് രാജിയിലുള്ള തീരുമാനം പുറത്തുവന്നത്. ഇത് അത്ഭുതപ്പെടുത്തിയെന്ന് കോടതി പറഞ്ഞു.

അസംബ്ലി പെരുമാറ്റച്ചട്ടം 169 പ്രകാരം ഈ തീരുമാനം പി.സി. ജോര്‍ജിനെ അറിയിക്കണമായിരുന്നു. അറിയിക്കാതിരുന്നതിനാല്‍ അദ്ദേഹത്തിനത് ചോദ്യം ചെയ്യാനായില്ല. നിയമസഭാ സ്പീക്കറെ അപമാനിക്കുന്ന തരത്തില്‍ കൂടുതല്‍ പരാമര്‍ശത്തിന് മുതിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ആവശ്യമെങ്കില്‍ നിയമാനുസൃതം കക്ഷികളെ കേട്ട് അയോഗ്യതാ നടപടിയില്‍ പുതിയ തീരുമാനമാകാം. ഇതിന് സ്പീക്കര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 
രാജിയിലെ ഉത്തരവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അന്തിമഘട്ടത്തില്‍ തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹര്‍ജി ദുരുദ്ദേശ്യത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. പി.സി. ജോര്‍ജിനു വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് പി. രവീന്ദ്രന്‍, അഡ്വ. ജസ്റ്റിന്‍ മാത്യു തുടങ്ങിയവര്‍ ഹാജരായി.