തൃശ്ശൂർ: കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്ന കേസിൽ തൃശ്ശൂരിലെ രണ്ട്‌ ബി.ജെ.പി. നേതാക്കളെ അന്വേഷണസംഘം ചോദ്യംചെയ്യും. സംഭവത്തിൽ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവർക്ക് തൃശ്ശൂരിൽ മുറിയെടുത്തുകൊടുത്ത വ്യക്തിയും കവർച്ച നടന്നയുടൻ കൊടകരയിലെത്തിയ വ്യക്തിയുമാണിവർ.

അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയ കേസിലെ മുഖ്യപ്രതികളായ രഞ്ജിത്തിനെയും എഡ്വിനെയും ചൊവ്വാഴ്‌ചയും ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം കേസിലെ മുഖ്യ ആസൂത്രകരായ മുഹമ്മദ് അലി, സുജേഷ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യംചെയ്തിരുന്നു. ഇവരിൽനിന്നും തിങ്കളാഴ്‌ച ചോദ്യംചെയ്ത രഞ്ജിത്ത്, എഡ്വിൻ എന്നിവരിൽനിന്നും നിർണായകവിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ബി.ജെ.പി. നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിൽ പ്രധാനം.

കവർച്ചക്കേസ്‌ അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്റെ നിർണായകയോഗം ചൊവ്വാഴ്‌ച ചേരും. ചോദ്യംചെയ്യലടക്കമുള്ള കാര്യങ്ങളെക്കുറിച്ചും അന്വേഷണഘട്ടത്തെക്കുറിച്ചുള്ള വിലയിരുത്തലുമാണ് യോഗത്തിൽ. ഓൺലൈനിലൂടെയാണ് യോഗം.

കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ കാറപകടം സൃഷ്ടിച്ച് 25 ലക്ഷം രൂപ കവർന്നെന്ന പരാതി കൊടകര പോലീസിന് ലഭിച്ചത്. കോഴിക്കോട് സ്വദേശിയായ ധർമരാജൻ ഡ്രൈവറായ ഷംജീർ വഴിയാണ് പരാതി നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ധർമരാജൻ ആർ.എസ്.എസ്. ബന്ധമുള്ളയാളാണെന്നും പണം കൊടുത്തുവിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായക് ആണെന്നും പോലീസിന്‌ വ്യക്തമായിരുന്നു.

Content Highlight: Hawala transactions; BJP leaders in Thrissur will be questioned