തിരുവനന്തപുരം: തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനെ വളരക്കാലമായി പരിചയമുണ്ടെന്നും അതിനാൽ പൂർണവിശ്വാസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എന്തെങ്കിലും ചോദിച്ചറിയാനുണ്ടാകും. അതിനാകും അദ്ദേഹത്തെ വിളിപ്പിച്ചത്. അന്വേഷണ ഏജൻസി വിളിക്കുമ്പോഴേക്കും കുറ്റംചാർത്തേണ്ടതില്ല - മുഖ്യമന്ത്രി പറഞ്ഞു.

രവീന്ദ്രൻ പാർലമെന്ററി പാർട്ടി ഓഫീസിൽ പ്രവർത്തിച്ചിരുന്നയാളാണ്. അദ്ദേഹത്തെ ഇ.ഡി. വിളിപ്പിച്ചതുകൊണ്ട് സർക്കാരിന് ഒരാശങ്കയുമില്ല. ഇവിടെയുള്ള ചിലർക്ക് ചില മോഹമുണ്ട്. അതിനനുസരിച്ച് ചില പ്രവചനങ്ങളും നടത്തുന്നുണ്ട്. അതിനപ്പുറം ഒന്നും ഇതിൽ കാണേണ്ടതില്ല. സർക്കാരിന്റെ പ്രവൃത്തികളും പദ്ധതികളും അന്വേഷിക്കാൻ ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. അതിന് നിയമാനുസൃതമായ സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബിനീഷ് കോടിയേരിക്കെതിരേയുള്ള അന്വേഷണത്തിൽ ഏജൻസികൾക്ക് ലഭിച്ച വിവരം എന്താണെന്ന്‌ സർക്കാരിന് അറിയില്ല. വ്യക്തിക്കെതിരേയുള്ള അന്വേഷണത്തിൽ വിവരങ്ങൾ അറിയാതെ മറുപടി പറയാനാവില്ല. അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നിയമവിരുദ്ധകാര്യങ്ങളുണ്ടായാൽ അതിനെതിരേ നിയമപരമായ നടപടി ബിനീഷിന്റെ കുടുംബം സ്വീകരിക്കും. അതനുസരിച്ചുള്ള പരാതിയും നടപടിയുമാണ് വീട്ടിലെ പരിശോധനാഘട്ടത്തിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: have full faith in raveendran says cm pinarayi vijayan