kottayam
കോട്ടയം അറുപറയില്‍നിന്ന് കാണാതായ ഹാഷിമിന്റെയും ഹബീബയുടെയും ലുക്കൗട്ട് നോട്ടീസുമായി അബ്ദുള്‍ഖാദര്‍

കോട്ടയം: “മൊബൈലിൽ അറിയാത്ത നമ്പറുകളിൽനിന്ന് വിളിവരുമ്പോൾ വാപ്പാ ഇത് ഞങ്ങളാ... എന്നു കേൾക്കാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. അവർ എവിടെയോ ജീവനോടെയുണ്ട്. തിരിച്ചുവരും. പ്രതീക്ഷയിൽ തന്നെയാണ് ഞാനും രണ്ടുകുഞ്ഞുങ്ങളും ജീവിക്കുന്നത്”. കോട്ടയം അറുപറ ഒറ്റക്കണ്ടത്തിൽ അബ്ദുൾ ഖാദർ എന്ന എഴുപത്തിയെട്ടുകാരൻ ഇന്നും കാത്തിരിപ്പിലാണ്. രണ്ടുവർഷംമുമ്പ് കാണാതായ മകൻ ഹാഷിമും (42) മരുമകൾ ഹബീബ(കുഞ്ഞുമോൾ-37)യും തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയിൽ. ദമ്പതിമാരുടെ പ്രായപൂർത്തിയാകാത്ത രണ്ടുമക്കളും അബ്ദുൾ ഖാദറിനോടൊപ്പമാണ്.

2017 ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിൽ രാത്രി ഒൻപതിനാണ് ഹാഷിമും ഹബീബയും കോട്ടയം നഗരത്തിൽനിന്ന് ഭക്ഷണം വാങ്ങിവരാമെന്നുപറഞ്ഞ് വീട്ടിൽ നിന്നുപോയത്. ദിവസങ്ങൾക്കുമുമ്പ് വാങ്ങിയ, രജിസ്റ്റർചെയ്യാത്ത കാറിലായിരുന്നു യാത്ര. പിന്നീട് ഇവർ തിരിച്ചെത്തിയില്ല. മൊബൈൽ ഫോൺ, പഴ്‌സ്, പാസ്‌പോർട്ടുകൾ, ലൈസൻസ് എന്നിവയൊന്നും എടുക്കാതെയാണ് ഇവർ പോയത്. പിറ്റേദിവസം അബ്ദുൾ ഖാദർ മകനെയും മരുമകളെയും കാണാനില്ലെന്നുകാണിച്ച് കുമരകം പോലീസിൽ പരാതി നൽകി. എന്നാൽ, ഒരു വിവരവും ലഭിച്ചിട്ടില്ല.

അന്വേഷണത്തിനായി 40 അംഗ സംഘത്തെ നിയോഗിച്ചു. പോകാനിടയുള്ള സ്ഥലങ്ങളിലും ജലാശയങ്ങളിൽ സ്കാനർ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് പരിശോധിച്ചിട്ടും തുമ്പൊന്നും ലഭിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയനും അബ്ദുൾഖാദർ പരാതി നൽകി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടെ അജ്മേറിലും തമിഴ്‌നാട്ടിലും ദമ്പതിമാരെ കണ്ടെന്ന വിവരത്തെത്തുടർന്ന് അന്വേഷണം നടത്തി. സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അബ്ദുൾഖാദർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമായിട്ടില്ല.

ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ആറുമാസമായി ഒരു വിവരവും ലഭിക്കുന്നില്ലെന്ന് അബ്ദുൾ ഖാദർ പറഞ്ഞു. ഹാഷിമും ഹബീബയും തിരിച്ചുവരുമെന്നും കുഞ്ഞുങ്ങളെ ഓർത്താൽ അവർക്ക് വരാതിരിക്കാനാവില്ലെന്നും അബ്ദുൾഖാദർ പറയുന്നു.

content Highlights: hashim habeeba missing case