തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തിലെ പ്രതിഷേധവും അക്രമവുംമൂലം കെ.എസ്.ആർ.ടി.സി.ക്ക് 1.25 കോടി രൂപയുടെ നഷ്ടം. അക്രമത്തിലെ നാശനഷ്ടങ്ങൾക്കുപുറമേ ബസുകൾ മുടങ്ങിയതുകാരണമുള്ള വരുമാനനഷ്ടവും ഇതിൽപ്പെടും.

പമ്പയിൽ 23 ബസുകൾക്കും 18-ന് നടന്ന ഹർത്താലിൽ 26 ബസുകൾക്കും നേരെ ആക്രമണമുണ്ടായതായി എം.ഡി. ടോമിൻ തച്ചങ്കരി പറഞ്ഞു. പോലീസ് പിടികൂടിയ അക്രമികൾക്ക് ജാമ്യം അനുവദിക്കുന്നതിനുമുമ്പ് ഈ തുക കോടതിയിൽ കെട്ടിവെയ്ക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് അദ്ദേഹം കത്തുനൽകി.

പൊതുമുതൽ നശിപ്പിക്കുന്ന സാഹചര്യത്തിൽ നാശനഷ്ടം സംബന്ധിച്ച് പോലീസ് വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാറുണ്ട്. നിലവിൽ റിമാൻഡിലുള്ളവർക്ക് ജാമ്യം ലഭിക്കണമെങ്കിൽ കെ.എസ്.ആർ.ടി.സി.ക്കുണ്ടായ നാശനഷ്ടംകൂടി കോടതിയിൽ അടയ്ക്കേണ്ടിവരും. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പമ്പയിൽ കെ.എസ്.ആർ.ടി.സി. ബസുകളുടെ ചില്ലുകളും ടയറുകളും നശിപ്പിക്കപ്പെട്ടിരുന്നു.