തിരുവനന്തപുരം: ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദിനിടെയുണ്ടായ വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ സംസ്ഥാനത്ത് തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഭാഗികം. ചിലയിടങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. യാത്രക്കാര്‍ക്കുനേരേ കൈയേറ്റശ്രമങ്ങളുമുണ്ടായി. പലയിടത്തും കടകള്‍ അടഞ്ഞുകിടന്ന് ബന്ദിന് സമാനമായി.

ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പാലക്കാട്ടും പത്തനംതിട്ടയിലും ഒരാള്‍ വീതം മരിച്ചു. പാലക്കാട്ട് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ കുഴല്‍മന്ദം കണ്ണനൂര്‍ പുതുക്കോട് തേക്കിന്‍കാട് വീട്ടില്‍ കൃഷ്ണന്‍കുട്ടി (54) ആണ് മരിച്ചത്. അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷ വിളിച്ചെങ്കിലും ആരും വാഹനമിറക്കാന്‍ തയ്യാറായില്ല. അരമണിക്കൂറിനുശേഷം അടുത്തുള്ള വീട്ടിലെ കാറില്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

പത്തനംതിട്ടയില്‍ മൂഴിയാര്‍ ആദിവാസി ഊരിലെ ഊരുമൂപ്പന്‍ രാഘവന്‍ (80) ആണ് മരിച്ചത്. അസുഖബാധിതനായിരുന്ന ഇദ്ദേഹത്തെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വാഹനം കിട്ടിയില്ല. തുടര്‍ന്നായിരുന്നു മരണം.

കെ.എസ്.ആര്‍.ടി.സി. 5400 ഷെഡ്യൂളുള്ളതില്‍ 2459 എണ്ണം മാത്രമാണ് ഓടിച്ചത്. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയത്. ചിലയിടങ്ങളില്‍ ബസുകള്‍ക്കുനേരേ കല്ലേറുണ്ടായി. തൃശ്ശൂര്‍ വലപ്പാട് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. മറ്റൊരു ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.

ആലപ്പുഴ മാന്നാറില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. സംഭവത്തില്‍ രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചാലക്കുടിയില്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ വീണ് യാത്രക്കാരായ റിട്ട. എസ്.ഐ.ക്കും മകള്‍ക്കും പരിക്കേറ്റു.

എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ വാഹനങ്ങള്‍ തടഞ്ഞ ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരെ മുന്‍കരുതലായി അറസ്റ്റുചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപി എം.പി.യുടെ വാഹനം തിരുവല്ലയില്‍ അരമണിക്കൂറോളം തടഞ്ഞിട്ടു. ചങ്ങനാശ്ശേരിയില്‍ വഴിതടഞ്ഞ 21 പേരെ അറസ്റ്റുചെയ്തു.