തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്ത് 367 പേരെ കരുതൽതടങ്കലിലാക്കി. ഹർത്താലനുകൂലികളുടെ കല്ലേറിൽ 18 കെ.എസ്.ആർ.ടി.സി. ബസുകൾക്ക് കേടുപാടുണ്ടായി. നാല് ഡ്രൈവർമാർക്കു പരിക്കേറ്റു. ട്രിപ്പ് മുടങ്ങിയതുൾപ്പെടെ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

തമ്പാനൂരിൽ ഹർത്താലനുകൂലികളുടെ പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ വഴിയാത്രക്കാരനായ കരമന സ്വദേശി അനൂപിന് പരിക്കേറ്റു. ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പരീക്ഷകൾ നടത്തിയതിൽ പ്രതിഷേധിച്ച് ഡി.പി.ഐ.യിലേക്കു തള്ളിക്കയറാൻ ശ്രമിച്ച ഒമ്പതുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയിൽ ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. സ്കൂളുകളും സർക്കാർഓഫീസുകളും പ്രവർത്തിച്ചു.

കോഴിക്കോട്: പലയിടത്തും അക്രമമുണ്ടായി. ഗ്രോ വാസു ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലായി. 31 പേർ സ്ത്രീകളാണ്. താമരശ്ശേരി പോസ്റ്റോഫീസിനു മുന്നിൽ എസ്.ഐ.യെ ആക്രമിച്ച രണ്ടുപേരെ അറസ്റ്റുചെയ്തു. കടകൾ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങൾ ഓടി. കെ.എസ്.ആർ.ടി.സി.യും അപൂർവം സ്വകാര്യബസുകളും ചില റൂട്ടുകളിൽ സർവീസ് നടത്തി. പല കുട്ടികൾക്കും പരീക്ഷയെഴുതാനായില്ല.

കണ്ണൂർ: ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് താക്കോലുകളുമായി കടന്നതിനെത്തുടർന്ന് പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മുഴുവൻ സ്കൂളുകളും പ്രവർത്തിച്ചു. എന്നാൽ, ഒട്ടേറെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനായില്ല.

വയനാട്: വാഹനങ്ങൾ പതിവുപോലെ നിരത്തിലിറങ്ങി. കടകൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. രണ്ടു കെ.എസ്.ആർ.ടി.സി. ബസുകൾക്കുനേരെ ആക്രമണമുണ്ടായി. സ്വകാര്യവാഹനങ്ങളും ഓടി. അമ്പതുപേരെ പോലീസ് കരുതൽതടങ്കലിൽ വെച്ചു.

ഇടുക്കി: ഹർത്താൽ ഭാഗികവും സമാധാനപരവുമായിരുന്നു. തൊടുപുഴയിൽ നടന്ന മാർച്ച് പോലീസ് തടഞ്ഞതിനെതുടർന്ന് നേരിയ സംഘർഷമുണ്ടായി. ആറുവനിതകളടക്കം 23 പേരെ അറസ്റ്റുചെയ്തു. നെടുങ്കണ്ടത്ത് 25 പേരെ അറസ്റ്റുചെയ്തു. നാൽപ്പതോളം പേരെ കരുതൽതടങ്കലിലാക്കി.

തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ബസുകൾ ഓടി. തീരപ്രദേശങ്ങളിൽ കടകൾ പൂർണമായി അടഞ്ഞുകിടന്നു. മറ്റിടങ്ങളിൽ ഏതാനും കടകൾ തുറന്നിരുന്നു. എവിടെയും അക്രമങ്ങളുണ്ടായില്ല.

എറണാകുളം: ആലുവ കുട്ടമശ്ശേരിയിൽ കെ.എസ്.ആർ.ടി.സി. ബസിനുനേരെ കല്ലെറിഞ്ഞു. സ്വകാര്യവാഹനങ്ങൾ തടഞ്ഞ 12 പേരെ കസ്റ്റഡിയിലെടുത്തു. കോതമംഗലത്ത് കെ.എസ്.ആർ.ടി.സി. ബസ് തടയാൻ ശ്രമിച്ച മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴയിൽ പ്രകടനം നടത്തിയ 17 പേരെ കസ്റ്റഡിയിലെടുത്തു.

പാലക്കാട്: അങ്ങിങ് അക്രമം. 167 പേർക്കെതിരേ കേസെടുത്തു. വാളയാറിനു സമീപം തമിഴ്നാട് എസ്.ഇ.ടി.സി.യുടെ ബസിന്റെ ചില്ല് തകർത്തു. പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുസമീപം പ്രകടനം നടത്തിയവർ ബാരിക്കേഡ് തകർത്തപ്പോൾ പോലീസ് ലാത്തിവീശി സമരക്കാരെ നീക്കി. പോലീസുകാർക്കും പരിക്കേറ്റു. സ്കൂളുകളിൽ പരീക്ഷകൾ നടന്നുവെങ്കിലും വിദ്യാർഥികൾ കുറവായിരുന്നു.

മലപ്പുറം: 52 പേർ അറസ്റ്റിലായി. ഹർത്താലനുകൂലപ്രകടനം നടത്തിയതിന് ഇരുന്നൂറിലധികം പേർക്കെതിരേ കേസെടുത്തു. 79 പേരെ മുൻകരുതലായി അറസ്റ്റ് ചെയ്തിരുന്നു. പൊന്നാനിയിലും തിരൂരിലുമായി പോലീസിനെ ആക്രമിച്ച രണ്ടുപേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സ്വകാര്യ ബസുകൾ ഓടിയില്ല.

കോട്ടയം: ഭാഗികം. ശബരിമലതീർഥാടകരെ ബാധിച്ചില്ല. കെ.എസ്.ആർ.ടി.സി. പമ്പയിലേക്ക് 55 സർവീസുകൾ നടത്തി. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി. സർവീസ് നടത്തി. ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ച ഹർത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുദിവസങ്ങളിലായി 21 പേരെ പോലീസ് കരുതൽതടങ്കലിലാക്കി.

കൊല്ലം: 12 കെ.എസ്‌.ആർ.ടി.സി. ബസുകൾ തകർത്തു. കല്ലേറിൽ വിദ്യാർഥിനിയുൾപ്പെടെ ഏഴുപേർക്ക്‌ പരിക്കേറ്റു.

പത്തനംതിട്ട: മൂന്ന് കെ.എസ്.ആർ.ടി.സി. ബസുകൾ കല്ലേറിൽ തകർന്നു. പരീക്ഷയെഴുതാൻ പോയ സ്കൂൾവിദ്യാർഥിനിക്കും ബസ് ഡ്രൈവർക്കും കല്ലേറിൽ സാരമായ പരിക്കേറ്റു.

കാസർകോട്: ഒറ്റപ്പെട്ട അക്രമങ്ങൾ അരങ്ങേറി. ബി.ജെ.പി. തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസിനുനേരെ ആക്രമണമുണ്ടായി.

ആലപ്പുഴ: ജനജീവിതത്തെ സാരമായി ബാധിച്ചു. കെ.എസ്.ആർ.ടി.സി., ജലഗതാഗത വകുപ്പ് എന്നിവ സർവീസുകൾ നടത്തി. സ്വകാര്യബസുകൾ ഓടിയില്ല. കടകൾ ഭൂരിഭാഗവും തുറന്നില്ല. മണ്ണഞ്ചേരി സർക്കാർസ്കൂളിലെ പരീക്ഷ തടസ്സപ്പെടുത്താൻ ശ്രമമുണ്ടായി. അഞ്ചുപേരെ അറസ്റ്റുചെയ്തു. 105 പേരെ പോലീസ് കരുതൽതടങ്കലിലാക്കി.

അറസ്റ്റു ചെയ്തവരുടെ എണ്ണം ചുവടെ

തിരുവനന്തപുരം 39

കൊല്ലം 19

പത്തനംതിട്ട 3

ആലപ്പുഴ 13

കോട്ടയം 12

ഇടുക്കി 49

എറണാകുളം 80

തൃശ്ശൂർ 51

പാലക്കാട് 21

മലപ്പുറം 15

കോഴിക്കോട് 12

വയനാട് 22

കണ്ണൂർ 13

കാസർകോട് 18