തിരുവനന്തപുരം: മിന്നൽ ഹർത്താൽ നിരോധിച്ച് ഹൈക്കോടതി ഉത്തരവിടുമ്പോൾ നടപ്പാവുന്നത് പാഴായിപ്പോയ ഹർത്താൽ നിയന്ത്രണ ബില്ലിൽ ഉണ്ടായിരുന്നതിനെക്കാൾ കർശന വ്യവസ്ഥ. അന്ന് നിയമനിർമാണത്തിന് തുനിഞ്ഞ യു.ഡി.എഫ്. തന്നെ പിന്നീട് ഹർത്താലിൽ അഭയംതേടി. അന്ന് നിയന്ത്രണത്തെ എതിർത്ത ഇടതുപക്ഷം ഭരിക്കുമ്പോഴാണ് മിന്നൽ ഹർത്താൽ നിരോധിച്ച് കോടതിവിധിയുണ്ടാവുന്നത്.

ഹർത്താലിനെ പൂർണമായി എതിർക്കാത്ത എൽ.ഡി.എഫ്. സർക്കാർ ഹർത്താൽ നിയന്ത്രണം യാഥാർഥ്യമാക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കോടതിവിധിയുടെ കാര്യത്തിൽ സർക്കാർ ഇനിയും മനസ്സുതുറന്നിട്ടില്ല. നിയമനിർമാണം ആലോചിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഹർത്താൽ നിയന്ത്രണബിൽ അവതരിപ്പിച്ചത്. ഹർത്താൽ ആഹ്വാനം ചെയ്യുന്നവർ മൂന്നുദിവസംമുമ്പ് നോട്ടീസ് നൽകണമെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. ചില ഹർത്താലുകൾ നിരോധിക്കാൻ സർക്കാരിന് അതിൽ അധികാരവും നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ഹൈക്കോടതി ഉത്തരവിട്ടത് ഹർത്താലിന് ഏഴുദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്നും.

2015 നവംബർ 30-നാണ് രമേശ് ചെന്നിത്തല ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം ശക്തമായി എതിർത്തു. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ബിൽ ജനങ്ങളുടെ അഭിപ്രായമാരായാൻ സെലക്ട് കമ്മിറ്റിക്ക് വിട്ടു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും എം.എൽ.എ.മാരുടെ സമിതി ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സമാഹരിച്ചു.

2016-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. തോറ്റതോടെ ബിൽ അസാധുവായി. പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തലതന്നെ പിന്നീട് ഹർത്താൽ പ്രഖ്യാപിച്ചു. അതോടെ ബില്ലിനോടൊപ്പം ഹർത്താൽ നിയന്ത്രണം എന്ന ആശയവും പെരുവഴിയിലായി.

ഓർഡിനൻസിൽ 40 വർഷത്തെ നയംമാറ്റം

സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് പൊതുമുതൽ നശീകരണത്തിന് തുല്യമായിക്കണ്ട് അതു തടയാനുള്ള ഓർഡിനൻസ് കൊണ്ടുവരാൻ പിണറായി വിജയൻ സർക്കാർ തീരുമാനിക്കുമ്പോൾ തെളിയുന്നത് 40 വർഷംകൊണ്ടുണ്ടായ നയംമാറ്റം.

സമരങ്ങളിൽ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരേ നിയമനിർമാണത്തിന് ആദ്യം തുനിഞ്ഞത് 1978-ൽ കേരള നിയമസഭയാണ്. എ.കെ. ആന്റണിയുടെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന പി.ജെ. ജോസഫ് കൊണ്ടുവന്ന ബിൽ നിയമസഭ പാസ്സാക്കിയെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരം കിട്ടാതെ പാഴായി. അന്ന് സി.പി.എം. ഇതിന് എതിരായിരുന്നു.

വൈദ്യുതി ബോർഡിലും കെ.എസ്.ആർ.ടി.സി.യിലും നടന്ന സമരങ്ങളിൽ കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടിരുന്നു. അതാണ് നിയമനിർമാണത്തിന് പ്രേരിപ്പിച്ചത്. പൊതുമുതൽ നശിപ്പിക്കുന്നവർക്ക് ആറുമാസംമുതൽ അഞ്ചുവർഷംവരെ തടവാണ് ആ നിയമത്തിലുണ്ടായിരുന്നത്.

1984-ൽ കേന്ദ്രസർക്കാർ പാസാക്കിയ പൊതുമുതൽ നശീകരണം തടയൽ നിയമമനുസരിച്ചാണ് ഇപ്പോൾ സമരങ്ങളിലെ അക്രമങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുന്നത്.