തിരുവനന്തപുരം: ഹർത്താലിന്റെ മറവിൽ അക്രമങ്ങൾ തടയാൻ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിൽ തിങ്കളാഴ്ച വൈകീട്ടോടെ പോലീസ് സംഘത്തെ വിന്യസിച്ച് പിക്കറ്റിങ് ഏർപ്പെടുത്തി.

അടിയന്തര സാഹചര്യം നേരിടാൻ പോലീസ് കൺട്രോൾ റൂമുകളിൽ അഗ്നിരക്ഷാസേന സ്‌ട്രൈക്കിങ് സംഘത്തെ വിന്യസിച്ചു. പ്രശ്‌നസാധ്യതയുള്ള മേഖലകളിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചു. പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാൻ അനുവദിക്കില്ല.

ജില്ലകളിലെ സുരക്ഷ അതത് പോലീസ് മേധാവിമാർ വിലയിരുത്തും. ഹർത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ വഴിതടയലോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ഡി.ജി.പി. നിർദേശം നൽകി. അതിജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. റോഡ് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസ് തുടർച്ചയായി റോന്തുചുറ്റും.

അക്രമത്തിനു നേതൃത്വം നൽകാനിടയുള്ളവരെ കരുതൽത്തടങ്കലിൽ വെക്കും. സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, കോടതികൾ, കെ.എസ്.ഇ.ബി. എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പോലീസ് സംരക്ഷണം നൽകും. കെ.എസ്.ആർ.ടി.സി. സർവീസ് നടത്താൻ പോലീസ് അകമ്പടി നൽകും.

ജുഡീഷ്യൽ ഓഫീസർമാർക്കും പ്രോസിക്യൂട്ടർമാർക്കും പോലീസ് സംരക്ഷണം നൽകും. പൊതു-സ്വകാര്യ സ്വത്തുകൾ നശിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കും. ഹർത്താലുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുമതിനൽകില്ല.

Content Highlights: Hartal: Police security tightened