തിരുവനന്തപുരം: വേണുഗോപാലൻ നായരുടെ ആത്മഹത്യയെ തുടർന്ന് ഹർത്താൽ പ്രഖ്യാപിച്ചത് പാർട്ടിക്കുള്ളിൽ ആലോചിച്ച ശേഷമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള.

ഹർത്താൽ നടത്തിയതിൽ പാർട്ടിയിലെ ഒരു കമ്മിറ്റിക്കും എതിർപ്പില്ല. ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബി.ജെ.പി. നടത്തുന്ന സമരത്തിന്റെ 14-ാം ദിവസത്തെ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേണുഗോപാലൻ നായരുടേത് ആത്മഹത്യയല്ലെന്ന് ആരും പറഞ്ഞിട്ടില്ല. ബി.ജെ.പി. നടത്തുന്ന നിരാഹാരസമരത്തിലെ ജനപങ്കാളിത്തംകണ്ട് എതിരാളികൾ അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ എം.എൽ.എ., ഡോ. പി.പി. വാവ, ജി. രാമൻ നായർ, ജെ.ആർ. പത്മകുമാർ, വി.കെ. സജീവൻ, എസ്. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

വേണുഗോപാലൻനായരുടെ മരണം: പോലീസിനെതിരേ ബി.ജെ.പി.

വേണുഗോപാലൻനായരുടെ ആത്മഹത്യയിൽ ഒരന്വേഷണവും നടത്താതെയാണ് സംഭവത്തിന് ശബരിമല സമരവുമായി ബന്ധമില്ലെന്ന് പോലീസ് കമ്മിഷണർ പ്രഖ്യാപിച്ചതെന്ന് പി.എസ്. ശ്രീധരൻപിള്ള. സംഭവം കണ്ടവരുടെയും വേണുവിന്റെ കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കാതെയും അന്വേഷിക്കാതെയുമാണ് പോലീസ് പത്രക്കുറിപ്പിറക്കിയതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ജീവിത നൈരാശ്യവും ജീവിക്കാൻ ആഗ്രഹമില്ലാത്തതിനാലും ആത്മഹത്യ ചെയ്‌തെന്ന് മജിസ്‌ട്രേറ്റിന് മൊഴിനൽകിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, മജിസ്‌ട്രേറ്റിനു നൽകിയ മൊഴിയിൽ അങ്ങനെയില്ല. മരണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മജിസ്‌ട്രേറ്റിനു നൽകിയ മൊഴി കാട്ടി പോലീസ് സർക്കാർ നിർദേശപ്രകാരം പത്രക്കുറിപ്പിറക്കി. നിയമവിരുദ്ധമായാണ് ഇതൊക്കെ ചെയ്തത്. പോലീസ് തെളിവുനിയമം പാലിച്ചിട്ടില്ല.

ജീവിതനൈരാശ്യമെന്ന് മരണമൊഴിയിൽ ഒരിടത്തുമില്ല. സമരപ്പന്തലിലിൽ സത്യാഗ്രഹം കിടന്ന സി.കെ. പത്മനാഭൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തിട്ടില്ല. ശബരിമല വിഷയത്തിൽ മനംനൊന്താണ് മരിച്ചതെന്ന് സഹോദരനോടും വേണു പറഞ്ഞിരുന്നു. വേണുവിന്റെ കുടുംബത്തിന് നീതികിട്ടാൻ നിയമപരമായ എല്ലാ സഹായവും നൽകും. മരണത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കു വേണ്ടി വനിതാമതിലുമായിറങ്ങിയ സി.പി.എം. പി.കെ. ശശിയെ വെള്ളപൂശുകയാണ്. 26-ന് നടക്കുന്ന അയ്യപ്പ കർമസമിതിയുടെ അയ്യപ്പജ്യോതിക്ക് പാർട്ടിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content highlights: Hartal announcement made after discussion with BJP leaders says Sreedharan Paillai