തിരുവനന്തപുരം: ‘ആന കുത്തി ഒരാൾ മരിച്ചു. ഇതുകേട്ട കുട്ടി ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ; അപ്പോൾ നാളെ ഹർത്താലാണോ’, മുഖ്യമന്ത്രി പിണറായി വിജയൻ ഇതുപറഞ്ഞ് ഹർത്താൽ വരുത്തുന്ന പ്രശ്നങ്ങളിലേക്കു കടന്നു. കനകക്കുന്നിൽ വിനോദസഞ്ചാരവകുപ്പിന്റെ വസന്തോത്സവം പുഷ്പമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലേക്കു വരുന്ന വിനോദസഞ്ചാരികൾ ‘അങ്ങോട്ടു പോകണോ’യെന്നു ശങ്കിക്കുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ അവസാനഘട്ടമായേ ഹർത്താലുകൾ നടത്താവൂ. അടുത്തിടെയുണ്ടായ ഹർത്താലുകൾ വിനോദസഞ്ചാരമേഖലയെ വലിയതോതിൽ ബാധിച്ചു. വിനോദസഞ്ചാരമേഖലയെ ബാധിക്കുകയെന്ന ഉദ്ദേശ്യം ഇതിനു പിന്നിൽ ഉണ്ടായിരുന്നോയെന്നു സംശയിക്കണം. പ്രളയത്തെത്തുടർന്ന് വിനോദസഞ്ചാരമേഖല വലിയ തിരിച്ചടിയാണ് നേരിട്ടത്. അതു പരിഹരിക്കാൻ ഫലപ്രദമായി ശ്രമിച്ചുവരികയാണ്. പക്ഷേ, അതിനിടെ പലതരം ഹർത്താലുകളാണ് കാണാൻ കഴിഞ്ഞത്- മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എ.സമ്പത്ത് എം.പി., കെ.മുരളീധരൻ എം.എൽ.എ., മേയർ വി.കെ.പ്രശാന്ത്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

content highlights: hartal, kerala cm, pinarayi vijayan