ഹരിപ്പാട്: മട്ടുപ്പാവില്‍ കൃഷി മാത്രമല്ല, പള്ളിക്കൂടവും ആകാമെന്ന് വിദ്യാഭ്യാസവകുപ്പ് കാണിച്ചുതരുന്നു. പള്ളിപ്പാട് തെക്കേക്കര ഗവ. എല്‍.പി.സ്‌കൂളാണ് മറ്റൊരു സ്‌കൂളിന്റെ മട്ടുപ്പാവിലേക്ക് പറിച്ചുനട്ടിരിക്കുന്നത്. തെക്കേക്കര എല്‍.പി.എസ്. അച്ചന്‍കോവിലാറിന്റെ തീരത്താണ്. എല്ലാ വര്‍ഷവും വെള്ളംകയറും. ഈ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ കെട്ടിടം അണ്‍ഫിറ്റാണെന്ന് പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ചു. ഇതോടെയാണ് 27 കുട്ടികളും നാല് അധ്യാപകരുമുള്ള സ്‌കൂള്‍ നാലുകിലോമീറ്റര്‍ അകലെയുള്ള നടുവട്ടം എല്‍.പി.എസിന്റെ മട്ടുപ്പാവിലേക്ക് മാറ്റിയത്.

ഇരുമ്പുപൈപ്പുകൊണ്ടുണ്ടാക്കിയ പടികയറി മുകളിലെത്താന്‍ കുട്ടികള്‍ക്ക് നല്ല മെയ്വഴക്കം വേണം. കയറുമ്പോള്‍ ശ്രദ്ധയൊന്നുപാളിയാല്‍ താഴെവീണുപോകും. കുട്ടികള്‍ പടികയറിയിറങ്ങുമ്പോള്‍ അധ്യാപകര്‍ കാവല്‍ നില്‍ക്കും. മേല്‍ക്കൂരയില്‍ ഇരുമ്പുഷീറ്റാണ്. ഒരു ഹാളിന്റെ നാല് കോണുകളിലായി നാല് ക്ലാസുകള്‍. ഫാനൊന്നുമില്ല. വെയിലത്ത് വിയര്‍ത്തുകുളിക്കും. മഴ വന്നാല്‍ വശങ്ങളിലെ കമ്പിവലയിലൂടെ വെള്ളം അടിച്ചുകയറും.

സെപ്റ്റംബര്‍ പകുതിയോടെയുണ്ടായ വെള്ളപ്പൊക്കമാണ് സ്‌കൂളിന് വിനയായത്. കെട്ടിടം അണ്‍ഫിറ്റായതിനാല്‍ വെള്ളമിറങ്ങിയിട്ടും രണ്ടാഴ്ചയോളം കുട്ടികള്‍ വീട്ടിലിരുന്നു. പിന്നീടാണ് പള്ളിപ്പാട് ഗവ. എല്‍.പി.എസിന് മുകളിലെ ഹാള്‍ വിട്ടുകൊടുക്കുന്നത്. ഒക്ടോബര്‍ ഒമ്പതുമുതല്‍ മട്ടുപ്പാവിലാണ് ഇവരുടെ പഠനം.

കംപ്യൂട്ടര്‍ ലാബുകള്‍, എല്‍.സി.ഡി. പ്രൊജക്ടര്‍, സ്മാര്‍ട്ട് ക്ലാസ്‌റൂം, ഇന്‍ര്‍നെറ്റ് കണക്ഷന്‍, ടൈല്‍ വിരിച്ച ക്ലാസ്മുറികള്‍... പൊതുവിദ്യാലയങ്ങളിലേക്കുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങളാണിത്. എന്നാല്‍, തെക്കേക്കര ഗവ. സ്‌കൂളില്‍ ആകെയുള്ളത് കേടായ ഒരു കംപ്യൂട്ടര്‍ മാത്രമാണ്.

സ്‌കൂള്‍ക്കെട്ടിടം പുതുക്കാന്‍ പഞ്ചായത്ത് മൂന്നുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ഒന്നിനും തികയില്ല. 86 സെന്റ് സ്ഥലമാണ് സ്‌കൂളിനുള്ളത്. ഇവിടം ഉയര്‍ത്തി പുതിയ കെട്ടിടം നിര്‍മിച്ചാലേ കുട്ടികള്‍ക്ക് സുരക്ഷിതമായി പഠിക്കാന്‍ കഴിയുകയുള്ളൂ. സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. തങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടാന്‍ വഴിയറിയാതെ ഇവര്‍ സങ്കടപ്പെടുകയാണ്.