കൊച്ചി: വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെ സ്വർണക്കടത്തിന് ‘അടിവസ്ത്ര’തന്ത്രവുമായി കടത്തുസംഘങ്ങൾ. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിൽ അടിവസ്ത്രത്തോടെതന്നെ മറ്റൊരാൾക്ക് കൈമാറിയാണ് പുതിയ രീതി പരീക്ഷിക്കുന്നത്.

പിടിക്കപ്പെടാതിരിക്കാൻ വിമാനത്താവളത്തിലെ ജീവനക്കാരെ പണത്തിന്റെ പ്രലോഭനത്തിൽ കുടുക്കിയാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്നുമാത്രം മൂന്നുമാസത്തിനിടെ ഈ രീതിയിൽ 48 കിലോഗ്രാം സ്വർണം കടത്തി.

വിദേശത്തുനിന്നും കുഴമ്പുരൂപത്തിലാക്കി സ്വർണം പൊതിഞ്ഞ് അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത് ഒളിപ്പിച്ചുകൊണ്ടുവരുന്ന രീതി മുമ്പേയുള്ളതാണ്. ഈ രീതിയിൽ കൊണ്ടുവരുന്ന സ്വർണം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിക്കാൻ തുടങ്ങിയതോടെയാണ് തന്ത്രം മാറ്റി പരീക്ഷിക്കുന്നത്.

യാത്രക്കാരൻ ഒളിപ്പിച്ചു കൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിലെ ശൗചാലയത്തിൽവെച്ച് അടിവസ്ത്രത്തോടെ മറ്റൊരാൾക്ക് കൈമാറുന്നു. ഇത് സ്വീകരിക്കുന്നയാൾ അടിവസ്ത്രംധരിച്ച് വിമാനത്താവളത്തിന് പുറത്തെത്തിക്കുകയും മറ്റൊരിടത്തുവെച്ച് ഇത് സ്വർണക്കടത്തു സംഘത്തിന് കൈമാറുകയും ചെയ്യുന്നതാണ് രീതി.