കാസര്‍കോട്: കാസര്‍കോട് കുറച്ചുകാലം താമസിച്ച ആരും ഹമീദലി ഷംനാടിനെ കാണാതെ തിരിച്ചുപോയിട്ടുണ്ടാവില്ല. അരക്കയ്യന്‍ കുപ്പായമിട്ട് വെള്ളമുണ്ടുടുത്ത് നിരത്തുവക്കിലൂടെ ഏകാകിയായി നടക്കുന്നത് അവസാനകാലത്തും അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഷംനാടിനൊപ്പം സഞ്ചരിച്ച് ആ വാക്കുകള്‍ക്ക് കാതോര്‍ത്താല്‍ ചരിത്രത്തിനൊപ്പം സഞ്ചരിച്ച അനുഭവമാണ് ലഭിക്കുക.

തുടക്കം മുതല്‍ മുസ്ലിം ലീഗില്‍ പ്രവര്‍ത്തിച്ച് അതിനൊപ്പം വളര്‍ന്ന സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയാണ് ഷംനാട്. ഇന്ത്യ-പാക് വിഭജനത്തില്‍ ഷംനാടിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അത് പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

1929 ജൂലായില്‍ കാസര്‍കോട് അംഗഡിമുഗറിലായിരുന്നു ജനനം. മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍നിന്ന് ബിരുദം നേടിയ ശേഷം മദ്രാസ് കോളേജില്‍ നിയമപഠനത്തിന് ചേര്‍ന്നു. ഷംനാടിന് 10 വയസ്സാകുമ്പോഴേക്കും പിതാവ് അബ്ദുല്‍ഖാദര്‍ ഷംനാട് അന്തരിച്ചു. പിന്നീട് വല്ല്യുപ്പാപ്പ ഖാന്‍ ബഹദൂര്‍ മഹമ്മൂദ് ഷംനാടിന്റെ സംരക്ഷണത്തിലായിരുന്നു ജീവിതവും പഠനവും. നിയമപഠനം പൂര്‍ത്തിയാക്കി പോക്കര്‍ സാഹിബിനൊപ്പം ജൂനിയറായി ചെന്നൈയില്‍ പ്രവര്‍ത്തിച്ചു. മദ്രാസ് ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും കാസര്‍കോട് കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു.

പി.എസ്.പി.യിലൂടെയാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്. 1956-ല്‍ മുസ്ലിം ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതോടെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു.

മലയാളം നന്നായി അറിയാത്ത ചെറുപ്പക്കാരനായിരിക്കുമ്പോഴാണ് കേരളരാഷ്ട്രീയത്തിലേക്ക് ഷംനാട് കടന്നുവരുന്നത്. പഠനം മംഗളൂരുവിലായതിനാലാണ് മലയാളം നന്നായി വശമില്ലാതിരുന്നത്. എന്നാല്‍, ഇംഗ്ലീഷിലും കന്നഡയിലും നന്നായി പ്രസംഗിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. രണ്ടാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ.യിലെ സി.എച്ച്.കണാരനെ 7,047 വോട്ടിനാണ് കന്നിയങ്കത്തില്‍ അദ്ദേഹം തോല്‍പ്പിച്ചത്.

നിലമ്പൂരില്‍ സഖാവ് കുഞ്ഞാലിക്കെതിരെ നിയമസഭയിലേക്കുള്ള മത്സരത്തിന് വീണ്ടും ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു. നൂറില്‍ താഴെ വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു തോല്‍വി. കാസര്‍കോട്ടുനിന്ന് 1967-ല്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ജയിച്ചില്ല. 1970 മുതല്‍ 79 വരെ രണ്ടുതവണ രാജ്യസഭയിലെത്തി. കേരള പി.എസ്.സി. അംഗം, കേരള സര്‍വകലാശാല സെനറ്റ് അംഗം, ഒഡപെക് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
1988 മുതല്‍ 89 വരെ കാസര്‍കോട് നഗരസഭാ ചെയര്‍മാനായിരുന്നു. മികച്ച റഫറന്‍സ് ലൈബ്രറി കാസര്‍കോട് പുലിക്കുന്നില്‍ ഒരുക്കിയത് ഷംനാടിന്റെ പ്രത്യേക താത്പര്യപ്രകാരമാണ്. നല്ല വായനക്കാരനായിരുന്ന ഷംനാട് എന്നും അക്ഷരങ്ങളെ സ്‌നേഹിച്ചു. കാസര്‍കോട് സാഹിത്യ വേദി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ബാഫഖി തങ്ങള്‍ പ്രസിഡന്റായിരുന്ന കാലത്ത് മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ഷംനാട്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് മുസ്ലിം ലീഗിന്റെ അംഗത്വവിതരണം ഉദ്ഘാടനം ചെയ്താണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ്, അഖിലേന്ത്യ ലീഗ് ജനറല്‍ സെക്രട്ടറി പദവികളും വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗമാണ്. കാസര്‍കോട് ജില്ലയില്‍ മുസ്ലിം ലീഗിനെ വളര്‍ത്തുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ച നേതാവാണ് മറഞ്ഞത്.

'ഷംനാട് സാഹിബിനെപ്പോലെ റോഡിലെ ഫുട്പാത്തിലൂടെ സുഖമായി കൈയും വീശി നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിക്കാറുണ്ട്'-മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുമ്പ് ഒരു യോഗത്തില്‍ പറഞ്ഞ ഈ വാക്കുകളില്‍നിന്ന് ഷംനാട് എന്താണെന്ന് ആര്‍ക്കും എളുപ്പം മനസ്സിലാകും.