കാസര്‍കോട്: മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ ഹമീദലി ഷംനാട് (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖംമൂലം ഒരാഴ്ചയായി സ്വകാര്യ ആസ്​പത്രിയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വിടവാങ്ങിയത്.

ഇടതുകോട്ടയായ കോഴിക്കോട് നാദാപുരം നിയമസഭാ മണ്ഡലത്തില്‍ വിജയിച്ച ഏക ലീഗ് സ്ഥാനാര്‍ഥിയായ ഷംനാട്, സയ്യിദ് ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യ ലീഗിനൊപ്പംനിന്ന അദ്ദേഹം പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി. പി.എസ്.സി.അംഗം, ഗ്രാമീണ വികസന ബോര്‍ഡ് ചെയര്‍മാന്‍, ഒഡപെക് ചെയര്‍മാന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

കാസര്‍കോട്ട് മുസ്ലിം സമുദായത്തില്‍നിന്ന് ആദ്യകാലത്ത് ഉന്നതവിദ്യാഭ്യാസം നേടിയ ചുരുക്കം വ്യക്തികളിലൊരാളാണ്. ഖബറടക്കം ശനിയാഴ്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദില്‍ ഉച്ചയ്ക്ക് ളുഹര്‍ നിസ്‌കാരത്തോടെ നടക്കും. അതുവരെ റെയില്‍വേ സ്റ്റേഷനു സമീപത്തെ സീവ്യു വസതിയില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

1929-ല്‍ അബ്ദുള്‍ഖാദര്‍-ഖദീജ ഷംനാട് ദമ്പതിമാരുടെ മകനായി ജനിച്ച അദ്ദേഹം അംഗഡിമുഗര്‍ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പത്താംവയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹം വല്യുപ്പാപ്പയും ഡല്‍ഹി കേന്ദ്ര അസംബ്ലി അംഗവുമായിരുന്ന ഖാന്‍ ബഹാദൂര്‍ മഹമൂദ് ഷംനാടിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ബി.എം.സ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍നിന്ന് ബിരുദമെടുത്തു. തുടര്‍ന്ന് മദ്രാസ് ലോ കോളേജില്‍നിന്ന് നിയമബിരുദമെടുത്തശേഷം കാസര്‍കോട് ബാറില്‍ അഭിഭാഷകനായി. ചുരുങ്ങിയ കാലത്തെ പ്രാക്ടീസിന് ശേഷം സി.എച്ച്.മുഹമ്മദ് കോയ ആവശ്യപ്പെട്ടതനുസരിച്ച് മുസ്ലിം ലീഗില്‍ അംഗത്വമെടുത്തു. കാസര്‍കോട് താലൂക്ക് പ്രസിഡന്റായി.

1960-ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരിക്കെയാണ് നാദാപുരത്ത് മത്സരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്തനായ നേതാവ് സി.എച്ച്. കണാരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 1971-ല്‍ രാജ്യസഭാംഗമായ അദ്ദേഹം 79 വരെ ആ പദവിയില്‍ തുടര്‍ന്നു. 1988-ല്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാനായി. 81-87-ല്‍ പി.എസ്.സി. അംഗമായും തുടര്‍ന്ന് ഗ്രാമവികസന ബോര്‍ഡ് ചെയര്‍മാനായും ഒഡപെക് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ലീഗിന്റെ പുനരേകീകരണത്തിനുശേഷം സംസ്ഥാന വൈസ് പ്രസിഡന്റ്, ഖജാന്‍ജി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ ഉമ്മല്‍ ഹലീമ രണ്ടുവര്‍ഷം മുമ്പ് അന്തരിച്ചു. മക്കള്‍: റസിയ, പ്യാരിജഹാന്‍, അഡ്വ. ഫൗസിയ. മരുമക്കള്‍: ഡോ. സയ്യിദ് അഷ്‌റഫ് (കരുണ മെഡിക്കല്‍ കോളേജ് പാലക്കാട്), ഡോ. ആര്‍.റഹിം (കാസര്‍കോട് കെയര്‍വെല്‍ ആസ്​പത്രി), നിസാം (റിട്ട. എന്‍ജിനീയര്‍, ബി.എച്ച്.ഇ.എല്‍.).