കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപത്ത് തലയുയര്‍ത്തിനില്‍ക്കുന്ന സീവ്യു എന്ന ഇരുനിലക്കെട്ടിടത്തില്‍ ഇന്ത്യയുടെ ചരിത്രം വായിച്ചെടുക്കാം. വെള്ളിയാഴ്ച വിടവാങ്ങിയ ഹമീദലി ഷംനാട് എന്ന ജനകീയ നേതാവിന്റെ വസതിയാണത്. മോത്തിലാല്‍ നെഹ്രുവിനൊപ്പം ഡല്‍ഹി കേന്ദ്ര അസംബ്ലിയില്‍ അംഗമായിരുന്ന ഖാന്‍ ബഹാദൂര്‍ മുഹമ്മദ് ഷംനാട് താമസിച്ചിരുന്ന വസതി.

അതിന്റെ ഭിത്തിയിലും അലമാരയിലും പഴയ ചരിത്രം പേറുന്ന നിരവധി ചിത്രങ്ങള്‍. രാഷ്ട്രപതിയായിരുന്ന വി.വി.ഗിരിക്കും ഫക്രുദീന്‍ അലിക്കുമൊപ്പം ഹമീദലി ഷംനാട് എന്ന കാസര്‍കോട്ടുകാരന്‍ അഭിമാനത്തോടെ നില്‍ക്കുന്ന ചിത്രങ്ങള്‍. ഒരു ചരിത്രസ്മാരകത്തില്‍ പോയ അനുഭവമാണ് ഈ വീട്ടില്‍ ചുറ്റിനടന്നാല്‍ കിട്ടുക. 1974-ല്‍ കാസര്‍കോട്ട് ഗവ. സ്‌കൂള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായപ്പോള്‍ തുടങ്ങാന്‍ സ്ഥലമില്ല. സ്വന്തം വീട് കാണിച്ചുകൊടുത്ത് ഷംനാട് പറഞ്ഞു- 'ഇവിടെ ആവാം.' അങ്ങനെ ആ വീട്ടില്‍ സ്‌കൂള്‍ തുടങ്ങി. പിന്നീട് സ്വന്തമായി സ്ഥലംകിട്ടി കെട്ടിടം പണിത് മാറുന്നതുവരെ സ്‌കൂള്‍ ഇവിടെ പ്രവര്‍ത്തിച്ചു.

ഒരിക്കലും തിരക്കൊഴിഞ്ഞ സീവ്യൂ കണ്ടിട്ടില്ല. വെള്ളിയാഴ്ചയും അങ്ങനെത്തന്നെ. മുമ്പ് ഷംനാടിനോട് ചോദിച്ച് ചരിത്രമറിയാനും ആ അനുഭവം കേള്‍ക്കാനും പാഠം ഉള്‍ക്കൊള്ളാനുമാണ് മുന്‍നിര നേതാക്കളടക്കമുള്ളവര്‍ വന്നിരുന്നതെങ്കില്‍ വൈകീട്ട് ജനസഞ്ചയം ഇവിടേക്ക് ഒഴുകിയത് പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കുകാണാനായിരുന്നു. ഏഴുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴേക്കും അവിടം ജനങ്ങളെക്കൊണ്ട് നിറഞ്ഞു.

ഓരോരുത്തര്‍ക്കും ഓര്‍ക്കാന്‍ നിരവധി ഓര്‍മകള്‍, ചരിത്രമുഹൂര്‍ത്തങ്ങള്‍. വരുംതലമുറ തലമുറ അദ്ദേഹത്തെ ഓര്‍ക്കുക തലയെടുപ്പുള്ള സംസ്ഥാന നേതാവ് എന്ന നിലയ്ക്കു മാത്രമല്ല, നിരവധി പേരെ വിദ്യയുടെ വഴിയിലേക്ക് കൈപിടിച്ച, സാധാരണക്കാരുടെ അത്താണി എന്നനിലയ്ക്കു കൂടിയായിരിക്കും.

തന്റെ സന്തതസഹചാരിയെ നഷ്ടപ്പെട്ട ദുഃഖമായിരുന്ന അയല്‍വാസി കൂടിയായ പ്രമുഖ അഭിഭാഷകന്‍ ബി.എഫ്.അബ്ദുള്‍ റഹ്മാന്. അവസാനകാലത്തും രാഷ്ട്രീയത്തില്‍ സക്രിയമായിരുന്ന ഷംനാട് മക്കളെയും പേരമക്കളെയും യാത്രയയക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോകുന്ന പതിവുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഷംനാട് സ്ഥിരമായി പോകാറുള്ളത് മൂന്ന് കേന്ദ്രങ്ങളിലായിരുന്നു. ബാര്‍ അസോസിയേഷന്‍ ഹാളിലും കണ്ണാടിപ്പള്ള ഹസനത്തുല്‍ ജാരിയ പള്ളിയിലും പിന്നെ അബ്ദുള്‍ റഹ്മാന്റെ ഓഫീസിലും. 'സൗരഭ്യം വീശിയ ആ സാന്നിധ്യം ഇനിയുണ്ടാകില്ല' -അബ്ദുള്‍ റഹ്മാന്‍ നിറകണ്ണുകളോടെ ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നു.