കാസര്‍കോട്: രാജ്യസഭയില്‍ മികച്ച പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട് ഹമീദലി ഷംനാട്. അതുകണ്ട് ഒരിക്കല്‍ മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി ഷംനാടിനരികില്‍ എത്തി പറഞ്ഞു. 'you are a good man. You spoke very well, but in a wrong patry.'(നിങ്ങള്‍ നല്ല മനുഷ്യനാണ്. നന്നായി സംസാരിക്കുന്നു. എന്നാല്‍ തെറ്റായ പാര്‍ട്ടിയിലാണ്).

താങ്കളെക്കുറിച്ച് തനിക്കുള്ള അഭിപ്രായവും ഇതുതന്നെയാണെന്ന അളന്നുമുറിച്ച മറുപടിയോടെയാണ് താന്‍ അതിനെ നേരിട്ടതെന്ന് ഷംനാട് പറയുമായിരുന്നു. 1968 മുതല്‍ 77 വരെയാണ് ഷംനാട് രാജ്യസഭാംഗമായിരുന്നത്. വാജ്‌പേയിക്കും എല്‍.കെ.അദ്വാനിക്കും കുറിക്കുകൊള്ളുന്ന മറുപടിയുമായി രാജ്യസഭയില്‍ ഉയരുന്ന ഷംനാടിന്റെ ശബ്ദം എല്ലാവരും അന്ന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പാര്‍ട്ടിക്കുപോലും വഴങ്ങാത്ത പി.എസ്.സി. അംഗമാണ് ഹമീദലി ഷംനാട് എന്ന് 1980-ല്‍ 'മാതൃഭൂമി' വിശേഷിപ്പിച്ചിരുന്നു. എഴുത്തുപരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ഉദ്യോഗാര്‍ഥി അഭിമുഖത്തില്‍ തോറ്റത് സംബന്ധിച്ചുള്ള വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരുന്നു അത്. അന്നത്തെ പി.എസ്.സി. ചെയര്‍മാന്‍ പാര്‍ട്ടിക്ക് വഴങ്ങുമെങ്കിലും ഷംനാട് അതിനുപോലും കൂട്ടാക്കില്ലെന്നാണ് മാതൃഭൂമി എഴുതിയത്. പി.എസ്.സി.യില്‍ നടക്കുന്ന അഴിമതികള്‍ക്കെതിരെയായിരുന്നു മാതൃഭൂമി വാര്‍ത്താപരമ്പര.

പി.എസ്.സി. അംഗത്തിന്റെ ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിക്കാത്ത ഏക വ്യക്തിയായിരുന്നു ഷംനാട്. അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി ലഭ്യമാക്കാന്‍ എല്ലാ താത്പര്യങ്ങളും മാറ്റിവെച്ച് അദ്ദേഹം മുന്നില്‍ നിന്നു.