ഗുരുവായൂർ: പ്രമുഖർ ഇടയ്ക്കിടെ എത്തുന്ന ഗുരുവായൂരിൽ സ്ഥിരം ഹെലിപ്പാഡ് ഒരുങ്ങുന്നു. നിലവിൽ ഹെലികോപ്റ്ററുകൾ ഇറങ്ങുന്ന ശ്രീകൃഷ്ണ കോളേജ് മൈതാനിയോടു ചേർന്നുകിടക്കുന്ന ഉയർന്ന സ്ഥലത്താണ് ഹെലിപ്പാഡ് നിർമിക്കുന്നത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതോടെ ഇതിന്റെ ഉദ്ഘാടനവും നടക്കും.

തിങ്കളാഴ്ച രാവിലെ കളക്ടർ ടി.വി. അനുപമ സ്ഥലത്തെത്തി പുതിയ ഹെലിപ്പാഡിനുവേണ്ട നിർദേശങ്ങൾ നൽകി. പൊതുമരാമത്ത് വകുപ്പിനാണ് ചുമതല. ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള സ്ഥലമായതിനാൽ ചെയർമാൻ കെ.ബി. മോഹൻദാസുമായും കളക്ടർ ചർച്ച നടത്തി.

ഹെലിപ്പാഡിനു യോജിച്ചരീതിയിൽ മൈതാനം നിരപ്പാക്കുന്ന പണിയാണിപ്പോൾ നടക്കുന്നത്. രണ്ടുദിവസത്തിനകം ടാറിടൽ തുടങ്ങും. പരിസരത്തെ മുഴുവൻ മരങ്ങളും മുറിക്കും. വൈദ്യുതിയുടെയും ടെലിഫോണിന്റെയും കാലുകൾ മാറ്റി കേബിളുകൾ ഭൂമിക്കടിയിലൂടെയാക്കും. ഇതിന്റെ പണികളും തുടങ്ങിയിട്ടുണ്ട്.

ഗുരുവായൂരിൽ സ്ഥിരമായി ഹെലിപ്പാഡ് എന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ശ്രീകൃഷ്ണ കോളേജിലെ കായികതാരങ്ങൾ പരിശീലനം നടത്തുന്ന മൈതാനിയാണ് താത്‌കാലിക ഹെലിപ്പാഡായി ഉപയോഗിക്കുന്നത്. മഴപെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണിവിടെ. കഴിഞ്ഞവർഷം രാഷ്ട്രപതി ഗുരുവായൂർ ദർശനത്തിന് വന്നപ്പോൾ ഇതേ അവസ്ഥയുണ്ടായി. കുട്ടനെല്ലൂരിൽ ഹെലികോപ്റ്റർ ഇറങ്ങി കാർ മാർഗം ഗുരുവായൂരിലെത്തുകയായിരുന്നു.

content highlights: guruvayoor, narendra modi, helipad