ഗുരുവായൂർ: നാടിനെ നടുക്കിയ ഗുരുവായൂർ ക്ഷേത്രത്തിലെ തീപ്പിടിത്തത്തിന് തിങ്കളാഴ്‌ച 50 വർഷം തികയുന്നു. 1970 നവംബർ 30-ന് പുലർച്ചെ ആയിരുന്നു തീപ്പിടിത്തമുണ്ടായത്.
ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി വക ഏകാദശി ചുറ്റുവിളക്ക് കഴിഞ്ഞ് അർധരാത്രിയോടെ ഗോപുരവാതിലുകൾ അടഞ്ഞശേഷം ക്ഷേത്രപരിസരം വിജനമായിരുന്നു. ചുറ്റമ്പലം വിളക്കുമാടത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയിൽനിന്ന് പുലർച്ചെ 1.15-ന് ശക്തിയായ പുക ഉയരുന്നതാണ് ആദ്യം കണ്ടത്. നിമിഷങ്ങൾക്കകം തീ പടർന്നുകയറി. അറിഞ്ഞെത്തിയവരിൽനിന്ന് കൂട്ടനിലവിളിയുയർന്നു. കൂട്ടമണി മുഴക്കി. തീപ്പിടിത്തം ആദ്യം കണ്ടതും നിലവിളിച്ചും മണിമുഴക്കിയും ആളെ കൂട്ടിയതും കെ. നാരായണപ്പണിക്കരാണ്.
പാലയൂർ സെയ്‌ന്റ് തോമസ് പള്ളിയിലെ മണികളും മുഴങ്ങി. മണത്തല പള്ളിയിൽനിന്ന് വാങ്ക്‌വിളി ഉയർന്നു. ചാവക്കാട് പഞ്ചായത്ത് ഓഫീസിലെ സൈറൺ മുഴങ്ങി. ജനങ്ങൾ പരിഭ്രാന്തരായി ക്ഷേത്രത്തിലേക്ക് കുതിച്ചു.
വിളക്കുമാടം മൂന്നുഭാഗവും കത്തി. ശ്രീകോവിലിലേക്ക് തീപടരുമെന്ന ഘട്ടമെത്തിയപ്പോൾ അന്നത്തെ വലിയതന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട് വിഗ്രഹം പുറത്തേയ്ക്ക് എടുക്കാൻ അനുവാദം നൽകി. വീട്ടിക്കിഴി കേശവൻ നായരാണ് വിഗ്രഹം പുറത്തെത്തിച്ചത്. ആറ് ഫയർ എൻജിനുകളുടെ സഹായത്താൽ രാവിലെ ആറോടെ തീ പൂർണമായും കെടുത്തി.
വിളക്കുമാടത്തിലെ ഉണങ്ങിയതും എണ്ണമയമാർന്നതും പിച്ചള പൊതിഞ്ഞിട്ടില്ലാത്തതുമായ പഴയ മരങ്ങളിലേയ്ക്ക് ചിരാതുവിളക്കിലെ നാളങ്ങളിൽനിന്ന് തീ പടർന്നതാകാം തീപ്പിടിത്തത്തിനു കാരണമെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച തന്പി കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ആദ്യം കൂത്തമ്പലത്തിലേയ്ക്കും തുടർന്ന് തന്ത്രിമഠത്തിലേക്കും മാറ്റിയ വിഗ്രഹം ഉച്ചയോടെ പുനഃപ്രതിഷ്ഠിച്ചു. വൈകുന്നേരം പുണ്യാഹശേഷം പതിവുചടങ്ങുകളിലേക്ക് പ്രവേശിച്ചു. പിന്നീട് ക്ഷേത്രപുനർനിർമാണത്തിന് പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. കെ. കേളപ്പനായിരുന്നു ചെയർമാൻ. 1971 മാർച്ചിൽ ക്ഷേത്രഭരണം സാമൂതിരി രാജാവിൽനിന്ന് സർക്കാർ ഏറ്റെടുത്തു. 71 മേയ് ഒന്നിന് കാഞ്ചി ആചാര്യൻ ജയേന്ദ്രസരസ്വതി സ്വാമി പുനർനിർമാണത്തിന് ശിലയിട്ടു. കേരളീയപാരമ്പര്യ വാസ്തുശില്പ ചാരുതയിലായിരുന്നു പുനർനിർമാണം. 1973 ഏപ്രിൽ 14 വിഷുദിനത്തിൽ പുനർനിർമാണം പൂർത്തിയാക്കി വിളക്കുമാടത്തിലെ ദീപങ്ങൾ ജ്വലിച്ചു.
content highlights: Guruvayoor Fire, 50 years