ഗുരുവായൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്‌ച ഗുരുവായൂരപ്പനെയും മമ്മിയൂർ മഹാദേവനെയും കണ്ടുവണങ്ങും. ഗുരുവായൂർ ക്ഷേത്രത്തിലും മമ്മിയൂർ ക്ഷേത്രത്തിലും ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്നശേഷമാണ് ദർശനം. ഗുരുവായൂർ ഗോപുരകവാടത്തിൽ ഉച്ചയ്ക്ക് 12.45-ന് എത്തുന്ന രാഷ്‌ട്രപതി 20 മിനിറ്റ്‌ ക്ഷേത്രത്തിലുണ്ടാകും. 11.30-ന് ഉച്ചപ്പൂജയുടെ നിവേദ്യം പറഞ്ഞാൽ ക്ഷേത്രത്തിലേയ്ക്കുള്ള ഭക്തരുടെ പ്രവേശനം നിയന്ത്രിക്കാൻ തുടങ്ങും. ഉച്ചപ്പൂജസമയത്ത് നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനം ഇല്ലാത്തതിനാൽ നാലമ്പലത്തിനകത്ത് ഭക്തരുണ്ടാകില്ല.

ഉച്ചപ്പൂജ കഴിഞ്ഞ് 12.30-ന് നടതുറക്കുമ്പോഴേക്കും ക്ഷേത്രമതിൽക്കെട്ടിനകത്തുനിന്ന്‌ ഭക്തരെ മുഴുവൻ പുറത്തേക്കുമാറ്റും. ഗുരുവായൂരപ്പനെയും ഉപദേവതകളെയും വണങ്ങി രാഷ്ട്രപതി 1.05-ന് ഗോപുരത്തിന്‌ പുറത്തുകടന്നാൽ ഭക്തരെ അമ്പലത്തിലേക്ക് പ്രവേശിപ്പിക്കാൻ തുടങ്ങും. മമ്മിയൂർ ക്ഷേത്രത്തിൽ 1.10-ന് എത്തുന്ന രാഷ്ട്രപതി 15 മിനിറ്റ്‌ ക്ഷേത്രത്തിലുണ്ടാകും. സാധാരണദിവസങ്ങളിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് അടയ്ക്കുന്ന മമ്മിയൂർ ക്ഷേത്രനട ചൊവ്വാഴ്‌ച ഒന്നരവരെ തുറന്നിരിക്കും. ഗുരുവായൂരപ്പനും മമ്മിയൂരപ്പനും രാഷ്‌ട്രപതി വഴിപാടുകളും നടത്തും.

കാലത്ത് 11-ന് തൃശ്ശൂർ സെന്റ് തോമസ് കോളേജ് ശതാബ്‌ദി ആഘോഷച്ചടങ്ങും രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.