തൃശ്ശൂർ: തേക്കിൻകാട് മൈതാനത്ത് അയ്യായിരത്തിലധികം നർത്തകിമാർ അവതരിപ്പിച്ച മോഹിനിയാട്ടം ഗിന്നസ് റെക്കോഡിലേക്ക്. എസ്.എൻ.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിലാണ് ശ്രീനാരായണഗുരുവിന്റെ കൃതിയായ ‘കുണ്ഡലിനിപ്പാട്ടി’ന് മോഹിനിയാട്ടം നൃത്താവിഷ്‌കാരം ഒരുങ്ങിയത്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുസന്ദേശം ഉൾക്കൊണ്ട ‘ഏകാത്മകം മെഗാ ഈവന്റി’ൽ പങ്കെടുത്തത് കേരളത്തിനകത്തും പുറത്തും നിന്ന് ജാതിമതഭേദമെന്യേയുള്ള കലാകാരികൾ.

കുണ്ഡലിനിപ്പാട്ടിലെ ‘ആടുപാമ്പേ പുനം തേടു പാമ്പേ...’ വരികളോടെ തുടക്കമിട്ട മോഹിനിയാട്ടം നൃത്താവിഷ്‌കാരം ആസ്വദിക്കാൻ വൻ ജനക്കൂട്ടമാണ് തേക്കിൻകാട് മൈതാനത്ത് എത്തിയത്. പ്രശസ്തനർത്തകി കലാമണ്ഡലം ഡോ. ധനുഷാ സന്യാലാണ് നർത്തകിമാരെ പരിശീലിപ്പിച്ചത്. സംഗീതസംവിധായകനും വയലിനിസ്റ്റുമായ ഇടപ്പള്ളി അജിത്കുമാർ സംഗീതം നൽകി. പാടിയത് ഗായകൻ മധു ബാലകൃഷ്ണൻ.

നൃത്താവിഷ്‌കാരം അവസാനിച്ചതിനുശേഷം മന്ത്രരൂപത്തിലാക്കിയ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ ഗുരുസന്ദേശം ആറ്‌ ഭാഷകളിലായി ചൊല്ലി. സംഗീതജ്ഞൻ കാവാലം ശ്രീകുമാറാണ് ഇത് ചിട്ടപ്പെടുത്തിയത്.

നൃത്താവിഷ്‌കാരം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കുണ്ഡലിനിപ്പാട്ടിന്റെ ആന്തരാർഥം ഉൾക്കൊള്ളാനും സ്വന്തം ജീവിതത്തിൽ പാലിക്കാനും സാധിച്ചാൽ അത് ഗുരുദേവനോടുള്ള ആദരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി വിശുദ്ധാനന്ദ, മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, പോലീസ് അസിസ്റ്റന്റ് കമ്മിഷണർ വി.കെ. രാജു, എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, സെക്രട്ടറി സന്തോഷ് അരയാക്കണ്ടി, ശ്രീനാരായണദർശനപഠനകേന്ദ്രം രക്ഷാധികാരി പ്രീതി നടേശൻ, കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, അഡ്വ. രാജൻബാബു എന്നിവർ പങ്കെടുത്തു.

Content Highlights: Guinness record for mohiniyattom by 5000 people in Thrissur