മണിമല: തന്റെ കൈയ്യിൽനിന്ന് വഴുതിപ്പോയ ആ മനുഷ്യനെ തിരിച്ചുകിട്ടണേയെന്ന് യാനുഷ് പ്രാർഥിക്കുന്നു. മണിമലപ്പാലത്തിൽനിന്ന് ചാടി ഒഴുക്കിൽപ്പെട്ട വില്ലേജ് ഒാഫീസർ പ്രകാശിനെ രക്ഷിക്കാൻ പിന്നാലെ നീന്തിച്ചെന്ന യാനുഷ് എന്ന അതിഥിതൊഴിലാളി മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി. ഈ പുഴയെക്കുറിച്ച് ഒന്നുമറിയാത്ത ഇൗ അസം സ്വദേശി, പക്ഷേ ഒഴുക്കിൽപ്പെട്ട മനുഷ്യനുവേണ്ടി വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു.

മണിമലയാറ്റിലെ ബ്രിട്ടീഷ് പാലത്തിലൂടെ (പഴയ ചെറിയപാലം) യാനുഷ് സുഹൃത്ത് വിജയുമൊത്ത് നടന്നുപോകുമ്പോഴാണ് വലിയപാലത്തിൽനിന്ന് ഒരാൾ ആറ്റിലേക്ക് വീഴുന്നത് കണ്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട ആ മനുഷ്യൻ, ഇവർ നടന്നിരുന്ന പാലത്തിനടിയിലൂടെ ഒഴുകിപ്പോകുന്നത് കണ്ടതും യാനുഷ് ആറ്റിലേക്ക് എടുത്തുചാടി. നൂറുമീറ്ററോളം പിന്നാലെ നീന്തി പ്രകാശിന്റെ തൊട്ടടുത്തെത്തി. പ്രകാശിനെ പിടിച്ചെങ്കിലും കൈയ്യിൽനിന്ന് വഴുതിപ്പോയി.

രണ്ടുവർഷം മുമ്പാണ് യാനുഷ് മണിമലയിലെ ഇറച്ചിക്കോഴിക്കടയിൽ ജോലിക്കെത്തിയത്. യാനുഷും സുഹൃത്തുംകൂടി രാവിലെ ബാങ്കിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

പാലത്തിൽനിന്ന്‌ ഒരാൾ പുഴയിലെ ദൃശ്യം വീഡിയോയിൽ പകർത്തിയിരുന്നു. പുഴയിലൂടെ നീന്തിപ്പോകുന്നത്, പാലത്തിൽനിന്ന് ചാടിയ ആളാണെന്ന് എല്ലാവരും കരുതി. മണിമല സ്റ്റാൻഡിന് എതിരേയുള്ള കരയിലേക്ക് ആൾ നീന്തിക്കയറുന്നത് കാണുകയും ചെയ്തു. പിന്നീടാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ യാനുഷാണ് അതെന്ന് വ്യക്തമായത്.