തിരുവനന്തപുരം: ജി.എസ്.ടി.യുടെ പേരിലുള്ള അമിതവിലയെപ്പറ്റി പരാതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണം. പരാതിപത്രം പൂരിപ്പിക്കണമെങ്കില്‍ ജി.എസ്.ടി.യെപ്പറ്റി തരക്കേടില്ലാത്ത 'പാണ്ഡിത്യം' വേണം. വിവരങ്ങള്‍ ശേഖരിക്കാന്‍ ഗവേഷണവും നടത്തണം. ചൂഷണത്തിന് വിധേയരാവുന്ന സാധാരണക്കാരെ പരാതിനല്‍കുന്നതില്‍നിന്ന് നിരുത്സാഹപ്പെടുത്തുന്നതാണ് ഇത്.

ജി.എസ്.ടി.യിലെ നികുതിയിളവ് ജനത്തിന് കൈമാറാന്‍ തയ്യാറാകാത്ത ഉത്പാദകര്‍ക്കും വിപണനക്കാര്‍ക്കും സേവനദാതാക്കള്‍ക്കുമെതിരേ പരാതി നല്‍കാന്‍ നിശ്ചിതമാതൃകയിലുള്ള പത്രം കഴിഞ്ഞദിവസമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കിയത്. സംസ്ഥാനത്തെ സ്‌ക്രീനിങ് കമ്മിറ്റിക്കും കേന്ദ്രത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കും ഈ മാതൃകയില്‍വേണം പരാതി നല്‍കാന്‍.

ഉത്പന്നത്തിന്റെ ഇപ്പോഴത്തെ വിലയും ചുമത്തിയനികുതിയും മാത്രമല്ല, ജി.എസ്.ടി.ക്ക് മുമ്പ് ഇതിനുണ്ടായിരുന്ന വില, എക്‌സൈസ് ഡ്യൂട്ടി, വാറ്റ്, സേവന നികുതി, ആഡംബരനികുതി, സെസ് എന്നിവയൊക്കെ ഇനംതിരിച്ച് രേഖപ്പെടുത്തണം. ജി.എസ്.ടി. കുറച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മുന്‍നിരക്ക് എഴുതണമെന്നത് നിര്‍ബന്ധമാണ്. ഇവ തമ്മില്‍ താരതമ്യപ്പെടുത്തി കിട്ടേണ്ട ആനുകൂല്യവും വ്യാപാരി നല്‍കിയ ആനുകൂല്യവും തമ്മിലുള്ള വ്യത്യാസവും അപേക്ഷകന്‍തന്നെ കണ്ടുപിടിച്ച് രേഖപ്പെടുത്തണം.

ഈ ഉത്പന്നത്തിനും സേവനത്തിനും ജി.എസ്.ടി.ക്ക് മുന്‍പും പിന്നെയുമുള്ള ഇന്‍പുട്ട് ടാക്‌സ് സംബന്ധിച്ച വിശദമായ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാലിത് നിര്‍ബന്ധമല്ല. രസീത്, തിരിച്ചറിയല്‍ കാര്‍ഡ്, ഇന്‍പുട്ട് ടാക്‌സ് സംബന്ധിച്ച വര്‍ക്കിങ് ഷീറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പരാതിയോടൊപ്പം നല്‍കണം. ഇവയെല്ലാം തന്റെ അറിവില്‍ വാസ്തവമാണെന്ന് പരാതിക്കാരന്‍ സാക്ഷ്യപ്പെടുത്തുകയും വേണം.

സംസ്ഥാനത്തെ സ്‌ക്രീനിങ് കമ്മിറ്റിയും കേന്ദ്രത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റിയും പരാതിയില്‍ കഴമ്പുണ്ടോയെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തുകയേയുള്ളൂ. കഴമ്പുണ്ടെങ്കില്‍ തെളിവോടുകൂടി ഈ പരാതികള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് സെയ്ഫ്ഗാര്‍ഡ്‌സിന് കൈമാറും. അന്തിമതീരുമാനത്തിനായി പരാതിയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് അമിതലാഭം തടയാനുള്ള കേന്ദ്ര അതോറിറ്റിക്കുമുന്നില്‍ നല്‍കേണ്ടത് ഡയറക്ടര്‍ ജനറലാണ്.

പരാതിപത്രം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ വെബ്‌സൈറ്റില്‍(www.cbec.gov.in) കിട്ടും.

ജി.എസ്.ടി. നടപ്പായി മാസങ്ങള്‍ക്കുശേഷം അടുത്തിടെയാണ് ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിയത്. അതും നികുതിക്കൊള്ളയെപ്പറ്റി രാജ്യവ്യാപകമായി പരാതിയുണ്ടായശേഷം. റവന്യൂവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ബി.എന്‍. ശര്‍മയാണ് അതോറിറ്റി അധ്യക്ഷന്‍.

പരമാവധി വിവരങ്ങള്‍ നല്‍കിയാല്‍ ബാക്കി സര്‍ക്കാര്‍ കണ്ടെത്തും -മന്ത്രി തോമസ് ഐസക്

ഈ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ട്. പരമാവധി വിവരങ്ങള്‍ നല്‍കിയാല്‍ ബാക്കി സര്‍ക്കാര്‍ അന്വേഷിച്ച് കണ്ടെത്തും. ഇങ്ങനെയാണ് ഇതുവരെ 135 കമ്പനികള്‍ക്കെതിരേ തെളിവുസഹിതം പരാതി തയ്യാറാക്കി അമിതലാഭവിരുദ്ധസമിതിക്ക് നല്‍കിയത്. ഇപ്പോള്‍ 35 പ്രമുഖ കമ്പനികള്‍ക്കെതിരേ പരാതി തയ്യാറാക്കുകയാണ്.