കാളികാവ്: മലപ്പുറം പടപ്പറമ്പിലെ കോങ്ങാടൻ തറവാട്ടിൽ വ്യാഴാഴ്ച കല്യാണമാണ്. കല്യാണത്തലേന്ന് വീട്ടിലെത്തിയ ബന്ധുമിത്രാദികൾ വരനെ കാണാതെ വിഷമിച്ചു. കാത്തിരുന്നിട്ടും പുതിയാപ്ലയെ കാണാതായതിൽ പലർക്കും പരിഭവവുമായി. പക്ഷേ, ഷാജഹാൻ എവിടെയാണെന്നറിഞ്ഞപ്പോൾ ആ പരിഭവമെല്ലാം സ്നേഹമായി, ബഹുമാനമായി.

പ്രളയത്തിൽ വീടുകളിൽ വെള്ളം കയറിയ പൊൻമള ഭാഗത്തായിരുന്നു രണ്ടുദിവസമായി ഷാജഹാൻ. കല്യാണത്തിനാവശ്യമായ ഒരുക്കങ്ങൾപോലും പുതിയാപ്ല നടത്തിയിട്ടില്ല. ചാപ്പനങ്ങാടി പടപ്പറമ്പിൽനിന്ന് ശുചീകരണത്തിനു പുറപ്പെട്ട എസ്.കെ.എസ്.എസ്.എഫ്. വിഖായ പ്രവർത്തകർക്കൊപ്പമാണ് ഷാജഹാനുള്ളത്.

കല്യാണത്തലേന്നായതിനാൽ ബുധനാഴ്ച ഷാജഹാൻ ഉണ്ടാവില്ലെന്ന് കൂട്ടുകാർ ഉറപ്പിച്ചിരുന്നു. കൂട്ടുകാരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ബുധനാഴ്ച രാവിലെയും കല്യാണച്ചെക്കൻ ശുചീകരണത്തിനുള്ള വേഷമണിഞ്ഞ് സ്ഥലത്തെത്തി.

ബുധനാഴ്ച ഉച്ചയോടെ കൂട്ടുകാർ നിർബന്ധിച്ചാണ് ഷാജഹാനെ തിരിച്ചയച്ചത്. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങുന്ന ഒരാളെ ജീവിതപങ്കാളിയായി കിട്ടിയതിൽ പുതുപ്പെണ്ണ് ഷഹാന സന്തോഷത്തിലാണ്.

 

Content Highlights: Busy with cleaning of Water overflowed houses