തിരുവനന്തപുരം: കോൺഗ്രസ് ഭാരവാഹികളുടെ പ്രവർത്തനത്തിന് ഇനി മാർക്കിടും. മാർക്കിന്റെ അടിസ്ഥാനത്തിൽ പച്ച, മഞ്ഞ, ചുവപ്പ് ഗ്രേഡിങ് നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ മാസംതോറും പ്രവർത്തനമികവ് വിലയിരുത്തും. എ.ഐ.സി.സി.ക്ക് മൂന്നുമാസത്തിലൊരിക്കൽ റിപ്പോർട്ട് നൽകും.
മുമ്പ് കോൺഗ്രസിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പ്രവർത്തനമികവ് വിലയിരുത്തൽ സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ പറഞ്ഞു. പാർട്ടിപരിപാടികളിലെ സാന്നിധ്യം, സാമൂഹിക പ്രശ്നങ്ങൾ കൈകാര്യംചെയ്യൽ, സാമൂഹികമാധ്യമങ്ങളിലെ ഇടപെടൽ, കീഴ്‌ക്കമ്മിറ്റികളിലെ പങ്കാളിത്തം തുടങ്ങിയവയെല്ലാം കണക്കാക്കും.
മികച്ച പ്രവർത്തനമെങ്കിൽ പച്ചയാകും ഗ്രേഡ്. ശരാശരിക്ക് മഞ്ഞ, മോശംപ്രകടനത്തിന് ചുവപ്പ് ഗ്രേഡ്. രണ്ടുമാസം കൂടുമ്പോൾ കെ.പി.സി.സി. പ്രസിഡന്റ് ഓരോ ഭാരവാഹികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. ആവശ്യമെങ്കിൽ തിരുത്തൽ നടപടി നിർദേശിക്കും.
നിലവിലുള്ള കെ.പി.സി.സി. ഭാരവാഹികളുടെ ആദ്യവിലയിരുത്തൽ ജൂലായ് പത്തിനകം നടക്കും. തുടർന്ന് എല്ലാമാസവും അഞ്ചാം തീയതിക്കുള്ളിലാണ് റിപ്പോർട്ടിങ്. ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ, നിയോജകമണ്ഡലം, ബ്ലോക്ക്, മണ്ഡലം ചുമതലക്കാർ എന്നിവരുടെ റിപ്പോർട്ടിങ് ഓഗസ്റ്റിൽ തുടങ്ങും. തുടർന്ന് ബൂത്ത്, വാർഡ് തലങ്ങളിലേക്കും വിലയിരുത്തൽ ഏർപ്പെടുത്തും. കെ.പി.സി.സി. ജനറൽ സെക്രട്ടറി സജീവ് ജോസഫിനാണ് ചുമതല.
ഭാവിപരിഗണന ഗ്രേഡിങ് നോക്കി -മുല്ലപ്പള്ളി
ഗ്രേഡിങ് അടിസ്ഥാനമാക്കിയാകും ഭാരവാഹികൾക്ക് പരിഗണനനൽകുകയെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സാമൂഹിക ഇടപെടൽ, സ്വഭാവശുദ്ധി എന്നിവയൊക്കെ ഗ്രേഡിങ്ങിൽ ഉൾപ്പെടും. കൃത്യമായ മാനദണ്ഡങ്ങുടെ അടിസ്ഥാനത്തിലാകും ഗ്രേഡിങ്. ഇതുവഴി ഭാരവാഹികളുടെ പ്രവർത്തനത്തിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Content Highlights: Grading will be introduced for Congress workers