തിരുവനന്തപുരം: ശബരിമലയിൽ ഓരോദിവസവും പ്രവേശിപ്പിക്കാവുന്ന തീർഥാടകരുടെ എണ്ണം കൂട്ടും. കോവിഡ് വ്യാപനത്തോത് വിലയിരുത്തിയും ഘട്ടംഘട്ടമായും കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ ചീഫ്‌സെക്രട്ടറി അധ്യക്ഷനായ സമിതിവിളിച്ച യോഗത്തിലാണ് തീരുമാനമായത്. തീർഥാടകരുടെ എണ്ണം കൂട്ടണമെന്ന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.

തിങ്കൾമുതൽ വെള്ളിയാഴ്ചവരെ 1000, ശനി, ഞായർ ദിവസങ്ങളിൽ 2000 എന്നിങ്ങനെയാണ് ദിവസേന അനുവദിക്കുന്ന തീർഥാടകരുടെ ഇപ്പോഴത്തെ കണക്ക്. ദിവസവും പതിനായിരം പേരെയെങ്കിലും പ്രവേശിപ്പിക്കണമെന്നാണ് ദേവസ്വംബോർഡിന്റെ ആവശ്യം. ഡിസംബർ 15-ന് അവസാനിക്കുന്ന ആദ്യഘട്ടത്തിൽ എത്രപേരെയാകാമെന്നു സർക്കാർ ഉടൻനിശ്ചയിക്കും. 15-നുശേഷം കോവിഡ് സ്ഥിതി അവലോകനംചെയ്ത് വീണ്ടുംകൂട്ടുന്നത് പരിഗണിക്കും.

അധികംതീർഥാടകരെ പ്രവേശിപ്പിക്കുന്നതിനെ ആരോഗ്യവകുപ്പ് എതിർക്കുകയാണ്. പോലീസ്‌മേധാവി ലോക്‌നാഥ് ബെഹ്‌റ, വിവിധവകുപ്പു സെക്രട്ടറിമാർ, ദേവസ്വംബോർഡ് പ്രസിഡന്റ് എൻ. വാസു, കമ്മിഷണർ ബി.എസ്. തിരുമേനി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Content Highlights: Govt. will raise the daily limit of pilgrims to Sabarimala