തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ശമ്പളപരിഷ്കരണം നടപ്പാക്കണമെങ്കിൽ പരിഷ്കരണ നടപടികളോട് തൊഴിലാളികൾ സഹകരിക്കണമെന്ന് സർക്കാർ. ശമ്പളപരിഷ്കരണം വൈകുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളിസംഘടനകൾ നവംബർ അഞ്ച്, ആറ് തീയതികളിൽ സമരത്തിന് നോട്ടീസ് നൽകി.

സ്ഥാപനത്തിൽ ശമ്പളപരിഷ്കരണം നടന്നിട്ട് 11 വർഷമായി. നിലവിൽ മാസശമ്പളത്തിനുള്ള 80 കോടിയും പെൻഷനുള്ള 60 കോടിയും സർക്കാരാണ് നൽകുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ ഏറെക്കാലം സഹായധനം നൽകി സ്ഥാപനത്തെ നിലനിർത്തിക്കൊണ്ടുപോകാൻ സർക്കാരിനാകില്ല.

പരിഷ്കരണ നടപടികളിലേക്ക് കടക്കാതെ മാസംതോറും സഹായധനം നൽകുന്നതിനെ ധനവകുപ്പ് ശക്തമായി എതിർക്കുകയാണ്. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി വരുമാനം വർധിപ്പിച്ചശേഷം സർക്കാർ സഹായധനം കുറയ്ക്കണമെന്ന ശുപാർശയും സർക്കാരിനു മുന്നിലുണ്ട്.

കോർപ്പറേഷന്റെ നിലനിൽപ്പ്‌ അപകടത്തിലാണെങ്കിലും മാനേജ്‌മെന്റും തൊഴിലാളിസംഘടനകളും സമവായത്തിലെത്തിയിട്ടില്ല. 10 ശതമാനം ശമ്പളം വർധിപ്പിക്കാമെന്ന് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ തൊഴിലാളികൾ തൃപ്തരല്ല. വർധനയ്ക്ക്‌ ധനവകുപ്പ് സമ്മതം മൂളിയിട്ടുമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ധന, ഗതാഗത മന്ത്രിമാരുമായി നടത്തുന്ന ചർച്ചയിൽ തീരുമാനം ഉണ്ടായേക്കും. സർക്കാർജീവനക്കാർക്ക് തുല്യമായ ശമ്പളവർധനയാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.