തിരുവനന്തപുരം: നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ സർക്കാരിന് പക്ഷംപിടിക്കേണ്ട കാര്യമില്ലെന്നും എല്ലാം രമ്യമായി പരിഹരിക്കണമെന്നും മന്ത്രി എ.കെ.ബാലൻ. ഷെയ്ൻ സൂചിപ്പിച്ച കാര്യങ്ങൾ ‘അമ്മ’ സംഘടനയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഷെയ്‌നുമായ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംഘടനകൾ ചർച്ചചെയ്തു പരിഹരിക്കേണ്ട വിഷയമാണ്. ഷെയ്‌നിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ചില വിവാദപരാമർശങ്ങൾ നടത്തി. ചിലർ ഷെയ്‌നിനെ ഭീകരവാദിയായി അവതരിപ്പിക്കുന്നു. സർക്കാരിന്റെ ഇടപെടൽ സംഘടനകൾ ആവശ്യപ്പെട്ടാൽ കഴിയാവുന്നത് ചെയ്യും.
പ്രശ്‌നപരിഹാരത്തിന് സർക്കാരിനെക്കൊണ്ട് ആകുന്നതുചെയ്യും. ഷെയ്നിനെ വിലക്കിയ നടപടി സിനിമാ സംഘടനകളിലെ ഉത്തരവാദപ്പെട്ടവർ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഒത്തുതീർപ്പ് ചർച്ചകൾക്കുശേഷം രണ്ടാമത് അഭിനയിക്കാനെത്തിയ തന്നെ വിശ്രമംപോലും നൽകാതെ പീഡിപ്പിച്ചെന്നും മാനസികവിഷമത്തിലാണ് മുടി മുറിച്ചതെന്നും െഷയ്ൻ മന്ത്രിയെ അറിയിച്ചു. മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാൻ തയ്യാറാണെന്നും മന്ത്രിയുടെ പിന്തുണകൂടി വേണമെന്നും ഷെയ്ൻ പറഞ്ഞു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് എത്തിയപ്പോഴാണ് ഷെയ്ൻ മന്ത്രിയെ കണ്ടത്. സിനിമയുടെ കരാർ ഉൾപ്പെടെയുള്ള രേഖകളും മന്ത്രിക്കു കൈമാറി.
ഇനി ഒത്തുതീർപ്പിനില്ലെന്നു നിർമാതാക്കൾ
കൊച്ചി: ഷെയ്ൻ നിഗവുമായി ഇനി ഒരു ഒത്തുതീർപ്പിനില്ലെന്ന് നിർമാതാക്കൾ. ഷെയ്ൻ തിരുവനന്തപുരത്ത് മന്ത്രിയെ കണ്ടതിനും വിവാദപരാമർശം നടത്തിയതിനും പിന്നാലെയാണ് അവരുടെ തീരുമാനം.
രാജീവ് രവിയെപ്പോലുള്ള ചിലർ മാത്രമാണ് ഷെയ്നിനെ പിന്തുണയ്ക്കുന്നതെന്ന് അവർ പറയുന്നു. ‘‘അമ്മയും ഫെഫ്കയും ചർച്ചയ്ക്കു തയ്യാറാകണമെന്നഭ്യർഥിച്ച് ഞങ്ങൾക്ക് കത്തുതന്നിരുന്നു. തയ്യാറാണെന്ന് ഞങ്ങൾ അറിയിക്കുകയും ചെയ്തു. അവരുടെ ഗാരന്റിയിലായിരുന്നു ചർച്ചയ്ക്കുള്ള ശ്രമങ്ങൾ. ഇനി ഒരു ഒത്തുതീർപ്പിനുമില്ല’’-പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
വരുംദിവസങ്ങളിൽ അസോസിയേഷൻ നിലപാട് കടുപ്പിക്കാനാണു സാധ്യത. ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കാൻ ഷെയ്നിന് അന്ത്യശാസനം നൽകുന്നതുൾപ്പെടെയുള്ള നീക്കങ്ങൾ നിർമാതാക്കളുടെ ഭാഗത്തുനിന്നുണ്ടായേക്കും.
Content Highlights: Govt not take stand toward anyone on Shane Nigam issue