: പാലാരിവട്ടം മേൽപ്പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സർക്കാരിന് നിയമോപദേശം. ഭാര പരിശോധന നടത്താനുള്ള ഉത്തരവിനെതിരേ സംസ്ഥാന സർക്കാരും റോഡ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷനും നൽകിയ റിവ്യു ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു ശേഷം ഭാര പരിശോധന നടത്താൻ സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചതിനു പിന്നാലെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകാമെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചത്.
പാലത്തിന് ഗുരുതരമായ തകരാർ ഉണ്ടെന്ന മദ്രാസ് ഐ.ഐ.ടി.യുടെയും ഇ. ശ്രീധരന്റെയും റിപ്പോർട്ട് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാകുമെന്നാണ് നിയമോപദേശം.
ഭാര പരിശോധനയ്ക്ക് പോകുന്നത് പാലം പുതുക്കിപ്പണിയുന്നത് വൈകാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടും. പാലത്തിലെ വിള്ളലുകൾ ഭാര പരിശോധന നടത്താവുന്നതിനെക്കാൾ കൂടുതലാണെന്നും ചൂണ്ടിക്കാട്ടും. വിള്ളലുകൾ മൂന്ന് എം.എമ്മിൽ അധികമാണെങ്കിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം ഭാര പരിശോധന നടത്താനാകില്ല.
പുനഃപരിശോധനാ ഹർജി തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന സൂചന സർക്കാർ വൃത്തങ്ങൾ നൽകിയിരുന്നു. എന്നാൽ ഇത്തരത്തിൽ നിയമ നടപടിയിലൂടെ മുന്നോട്ടു പോകുമ്പോൾ ജനങ്ങളുടെ എതിർപ്പ് സർക്കാരിനെതിരേ തിരിയുമെന്ന വിലയിരുത്തലിൽ ഭാര പരിശോധന നടത്തുക എന്ന നിലപാടിലേക്കും സർക്കാർ എത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. അതിനിടയിലാണ് അപ്പീൽ സാധ്യത വിശദമാക്കി നിയമോപദേശം ലഭിക്കുന്നത്.
മേയ് ഒന്നിന് അറ്റുകറ്റപ്പണിക്കായി അടച്ച പാലാരിവട്ടം മേൽപ്പാലം ഇതുവരെ തുറന്നു കൊടുക്കാനായിട്ടില്ല.
മേൽപ്പാലത്തിൽ ഐ.ഐ.ടി. നിർദേശ പ്രകാരം അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ഇ. ശ്രീധരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മേൽപ്പാലം ഭാഗികമായി പുതുക്കിപ്പണിയുക എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുന്നത്. ഇതിനെതിരേ സ്ട്രക്ചറൽ എൻജിനീയേഴ്‌സ് അസോസിയേഷൻ, കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ തുടങ്ങിയവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ നീക്കം കേസിൽ പ്രതിയായവരെ രക്ഷിക്കാനാണെന്ന വിമർശനവും ഉയർന്നിരുന്നു.
സർക്കാർ അപ്പീൽ നൽകാനുള്ള സാധ്യത കണക്കിലെടുത്ത് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സുപ്രീം കോടതിയിൽ തങ്ങളെയും കേൾക്കണമെന്നു കാണിച്ച് നേരത്തെ തന്നെ തടസ്സ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
Content Highlights: govt has to go to for legal advice of SC in Palarivattom Over bridge Case