തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലേക്ക് വൈസ് ചാൻസലർ ശുപാർശചെയ്ത പട്ടികയിൽനിന്ന് രണ്ടംഗങ്ങളെ ഒഴിവാക്കി മറ്റുരണ്ടുപേരെ ഗവർണർ നിയമിച്ചു.

എഴുത്തുകാരുടെ വിഭാഗത്തിൽ ശുപാർശ ചെയ്ത എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ഷിജു ഖാൻ, ശാസ്ത്രജ്ഞരുടെ വിഭാഗത്തിൽനിന്നുള്ള വി.എസ്.എസ്.സി.യിലെ ഡോ. സൂരജ് എന്നിവരുടെ പേരാണ് ചാൻസലറായ ഗവർണർ ഒഴിവാക്കിയത്. പകരം, എഴുത്തുകാരുടെ വിഭാഗത്തിൽ കേരള സർവകലാശാലാ അധ്യാപകൻ ഡോ. എ.എം.ഉണ്ണികൃഷ്ണൻ, ശാസ്ത്രജ്ഞരുടെ വിഭാഗത്തിൽനിന്ന് പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ സീനിയർ സയന്റിസ്റ്റ് ഡോ. വിനോദ്കുമാർ എന്നിവരെ ഗവർണർ നാമനിർദേശം ചെയ്തു.

അഭിഭാഷകരുടെ വിഭാഗത്തിൽനിന്നുള്ള പാനലിൽ ഒന്നാം പേരുകാരനായിരുന്ന സി.എം.പി. നേതാവ് എം. സുഗുണനെയും ഒഴിവാക്കി. ഇതേ പാനലിലുണ്ടായിരുന്ന അഡ്വ. മുരളിക്ക് നിയമനം നൽകി.

സാങ്കേതികമായി ഗവർണർക്കുള്ള പാനൽ വി.സി.യാണ് നൽകുന്നതെങ്കിലും ഭരണകക്ഷിയുടെ താത്പര്യപ്രകാരമാണ് പട്ടികയ്ക്ക് രൂപംനൽകുക. ഷിജുഖാനും സുഗുണനും നേരത്തേ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങളായിരുന്നു. ഇവരെ ഗവർണറുടെ നോമിനികളായി സെനറ്റിൽ കൊണ്ടുവന്ന് വീണ്ടും സിൻഡിക്കേറ്റിലേക്കു ജയിപ്പിക്കാനായിരുന്നു സി.പി.എം. ഉദ്ദേശിച്ചത്.

ഗവർണർ ആർ.എസ്.എസ്. സമ്മർദത്തിനുവഴങ്ങി -സി.പി.എം.

ആർ.എസ്.എസ്. സമ്മർദത്തിനു വഴങ്ങിയാണ് ഗവർണർ രണ്ടുപേരെ ഒഴിവാക്കിയതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

പാനലിൽനിന്ന് മതന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘപരിവാർ ആഭിമുഖ്യമുള്ള രണ്ടുപേരുകൾ ഗവർണർ കൂട്ടിച്ചേർത്തത് വിചിത്രമാണ്. ചാൻസലർ എന്നനിലയിൽ നിക്ഷിപ്തമായ ചുമതലകൾ രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഗവർണറുടെ പക്ഷത്തുനിന്ന് ഉണ്ടായത്. ഗവർണറുടെ പദവിക്ക് മങ്ങലേല്പിച്ച നടപടിക്കെതിരേ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സി.പി.എം. പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നാമനിർദേശം ചെയ്യപ്പെട്ടവരുടെ ബയോഡേറ്റകൂടി പരിഗണിച്ചാണ് ഗവർണറുടെ തീരുമാനമെന്ന് രാജ്ഭവനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഗവേഷണം, സാംസ്കാരികസംഘടന, വാണിജ്യം, വ്യവസായം, എഴുത്തുകാർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, കായികം, മതന്യൂനപക്ഷം എന്നീ വിഭാഗങ്ങളിൽനിന്നായി ഒമ്പതുപേരുടെ നിയമനം ചാൻസലർ നടത്തണമെന്നാണ് സർവകലാശാലാ നിയമം. രണ്ടുപേരൊഴികെ മറ്റുള്ളവരുടെ നിയമനം വി.സി. നൽകിയ പാനലിൽനിന്നുതന്നെയാണ്.

രാംദുലാരി സിൻഹ ഗവർണറായിരുന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ കേരള സെനറ്റിലേക്കു നൽകിയ പട്ടികയിൽനിന്ന് ആറുപേരെ ഒഴിവാക്കിയിരുന്നു. സിക്കന്തർ ഭക്ത് ഗവർണറായിരുന്നപ്പോഴും സമാന സംഭവമുണ്ടായിരുന്നുവെന്നും ബന്ധപ്പെട്ടവർ പറയുന്നു.

Content Highlights: Governor removes two CPM members nominated to Kerala University senate