ന്യൂഡൽഹി  :പൗരത്വനിയമ ഭേദഗതിയെച്ചൊല്ലി സംസ്ഥാന സർക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ അനുമതിയില്ലാതെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്ന് കുറ്റപ്പെടുത്തിയ ഗവർണർ, ഉത്തരവാദിയായ മുഖ്യമന്ത്രിയിൽനിന്ന് റിപ്പോർട്ട് തേടുമെന്നും വ്യക്തമാക്കി. ഗവർണർക്കെതിരേ മുഖ്യമന്ത്രി വ്യാഴാഴ്ച ഉന്നയിച്ച പരോക്ഷ വിമർശനത്തിനടക്കം അക്കമിട്ട് മറുപടി പറഞ്ഞാണ് ഡൽഹിയിൽ അദ്ദേഹം സർക്കാരിനെതിരേ ആഞ്ഞടിച്ചത്.

ഭരണഘടനയും സർക്കാരിന്റെ പ്രവർത്തനച്ചട്ടവും (റൂൾ ഓഫ് ബിസിനസ്) ഉദ്ധരിച്ചായിരുന്നു ഗവർണറുടെ മറുപടി. നിയമവ്യവസ്ഥയുള്ള സമൂഹമാണ് നിലനിൽക്കുന്നതെന്നും പൊതുഭരണവും സർക്കാരിന്റെ പ്രവർത്തനവും ഏതെങ്കിലും വ്യക്തിയുടെയോ പാർട്ടിയുടെയോ ഭ്രമങ്ങൾക്കനുസരിച്ച് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഓർഡിനൻസ് സംവിധാനം രാഷ്ട്രീയതാത്പര്യങ്ങൾക്ക്‌ വിനിയോഗിക്കാൻ അനുവദിക്കില്ല. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുവിഭജന ഓർഡിനൻസിൽ താൻ ഉന്നയിച്ച സംശയങ്ങൾക്ക്‌ നിവാരണമുണ്ടാകാതെ അംഗീകാരം നൽകില്ല.

തന്നെ വന്നുകണ്ട രണ്ടുമന്ത്രിമാരോട് ഓർഡിനൻസ് സംബന്ധിച്ച സംശയങ്ങൾ ചോദിച്ചു. എന്നാൽ, അവർ മറുപടി നൽകുന്നതിനുപകരം മാധ്യമങ്ങൾക്ക്‌ വാർത്തനൽകുകയാണ്‌ ചെയ്തത്. അവർക്ക് ഇഷ്ടമുള്ളതുപ്രവർത്തിക്കാം. എന്നാൽ, അതിൽ ചട്ടലംഘനമുണ്ടെങ്കിൽ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.  

മുഖ്യമന്ത്രി വ്യാഴാഴ്ച

ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യങ്ങൾക്കുമേൽ റെസിഡന്റുമാരുടെ നിയന്ത്രണമുണ്ടായിരുന്നു. കേരളസർക്കാരിനു മുകളിൽ അത്തരമൊരു അധികാരശക്തിയില്ല.

ഇപ്പോൾ പാസാക്കിയത് രാജ്യത്തിന്റെ നിയമമല്ല, ആർ.എസ്.എസിന്റെ നിയമമാണ്. ആ നിയമം നടപ്പാക്കാനല്ല കേരളത്തിലെ ഈ സർക്കാർ. ഭരണഘടനാവിരുദ്ധമായ ഒരു നിയമവും ഈ സംസ്ഥാനത്ത് അനുവദിക്കില്ല. 

ഗവർണർ ഇന്നലെ

ഞാനടക്കം എല്ലാവരും നിയമത്തിനുകീഴിലാണ്. രാജ്യത്ത് കോളനിഭരണമില്ലെന്ന്‌ മുഖ്യമന്ത്രിയാണ് തിരിച്ചറിയേണ്ടത് പൗരത്വനിയമം കേന്ദ്രപട്ടികയിൽപെട്ടതാണ്. നിയമസഭയുടെ പരിധിയിൽ വരാത്ത വിഷയത്തിനായി പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തു

Content HIghlights:  Governor Arif Muhammed Khan VS Kerala Govt