ശബരിമല: ഇനിയും വരണം, വീണ്ടും അയ്യപ്പനെ കാണണം. അതിന് കാനനവാസൻ അനുഗ്രഹിച്ചാൽ മാത്രംമതി. ആദ്യ ദർശനത്തിൽ കണ്ണും മനസ്സും നിറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒരിക്കൽകൂടി ഭഗവാനെ കണ്ടശേഷം മനസ്സുതുറന്നു. ഇവിടെ വരുന്നവർ എങ്ങനെ ഇതൊക്കെ മറക്കും. അയ്യപ്പൻ എല്ലാവർക്കും ഒപ്പമുണ്ട്,-അദ്ദേഹം പറഞ്ഞു. ഞായറാഴ്ച സന്നിധാനത്ത് തങ്ങിയ ഗവർണർ പുലർച്ചെതന്നെ അയ്യപ്പനെ തൊഴുതു. നെയ്യഭിഷേകത്തിന്റെ പ്രസാദം വാങ്ങിയശേഷം മാളികപ്പുറത്തും ദർശനം നടത്തി.

പൂങ്കാവനത്തിന്റെ പുലരിയിലെ ഭംഗി അദ്ദേഹം ഏറെനേരം നോക്കിനിന്നു. തലേന്ന് രാത്രിയിലെത്തിയതിനാൽ കൂടുതലൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല. കണ്ട കാഴ്ചകൾ ഒാരോന്നും ചോദിച്ചറിയുകയും ചെയ്തു. ശബരിമലയിലെ ഏറെ പ്രധാനമായ മണിമണ്ഡപത്തിനടുത്ത് ഗവർണർ ചന്ദനത്തൈ നട്ടു. ശബരിമലയിലെ ശുചീകരണ യജ്ഞമായ പുണ്യംപൂങ്കാവനം പദ്ധതിയിലും അദ്ദേഹവും മകൻ കബീർ ആരിഫും പങ്കാളികളായി. മാലിന്യം അടിച്ചുവാരിയാണ് ഇരുവരും ഇതിന്റെ ഭാഗമായത്. പുണ്യം പൂങ്കാവനത്തിന്റെ ഓഫീസ് സന്ദർശിച്ച് തന്റെ അഭിപ്രായം ഗവർണർ രജിസ്റ്ററിലെഴുതി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു, ബോർഡ് അംഗം അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ എന്നിവർ ഗവർണർക്ക് നന്ദി പറഞ്ഞു. തുടർന്ന്് 9.50-ഓടെ സ്വാമി അയ്യപ്പൻ റോഡുവഴി കാൽനടയായിത്തന്നെയായിരുന്നു മലയിറക്കം. ഒരുമണിക്കൂർകൊണ്ട് പമ്പയിലെത്തി. പതിനൊന്നരയോടെ പത്തനംതിട്ടവഴി മടങ്ങി.

വിഷുക്കണി ദർശനത്തിനൊരുങ്ങി ശബരിമല

ശബരിമല: വിഷുക്കണി ദർശനത്തിനായി സന്നിധാനം ഒരുങ്ങി. ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് കണിദർശനം. വിഷുക്കണിക്കൊപ്പം അയ്യപ്പദർശനവും സാധിക്കുന്നതിനാൽ എല്ലാത്തവണയും സന്നിധാനം ഭക്തരെക്കൊണ്ട് നിറയാറുണ്ട്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ കാരണം പതിനായിരംപേർക്കേ ഇപ്രാവശ്യം പ്രവേശനമുള്ളൂ. വെർച്വൽ ക്യൂവഴി മാത്രം ഭക്തർ എത്തുന്നതിനാൽ വരുന്നവർക്ക് സമയവും നിശ്ചയിച്ചിട്ടുണ്ട്. സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കുന്നില്ല. ബുധനാഴ്ച പുലർച്ചെ വെർച്വൽ സംവിധാനത്തിൽ സമയം അനുവദിക്കപ്പെട്ടിട്ടുള്ള ഭക്തർക്കുമാത്രമാകും കണിദർശനം സാധിക്കുക.

ചൊവ്വാഴ്ച രാത്രി അത്താഴപൂജയ്ക്കുശേഷം മേൽശാന്തിയാണ് ഭഗവാന് മുൻപിൽ കണിയൊരുക്കുന്നത്. ഇതിനുള്ള വിഭവങ്ങളും മറ്റും ദേവസ്വംബോർഡ് സന്നിധാനത്തെത്തിച്ചു. പൂങ്കാവനത്തിൽനിന്ന് കണിക്കൊന്നപ്പൂക്കൾ ശേഖരിക്കും. വിഷുനാളിൽ പുലർച്ചെ അയ്യപ്പനെയാകും ആദ്യം കണികാണിക്കുക. തുടർന്നാണ് ഭക്തർക്കുള്ള ദർശനം. ഇൗസമയം തന്ത്രി ശ്രീകോവിലിൽനിന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. ആറരവരെയാണ് കണിദർശനം. ശേഷം അഭിഷേകവും ഉഷഃപൂജയും മറ്റും നടക്കും. വിഷുപൂജകൾ പൂർത്തിയാക്കി 18-ന് നട അടയ്ക്കും.