ശബരിമല: ഇരുമുടിക്കെട്ടേന്തി മലചവിട്ടി പതിനെട്ടാംപടിയും കയറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയ്യപ്പനെ ദർശിച്ചു. ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനവും കേട്ടു. കണ്ണെടുക്കാതെ കണ്ടു. മനസ്സുനിറഞ്ഞു. ദർശനത്തിനുശേഷം കന്നിസ്വാമിയുടെ ആദ്യപ്രതികരണം. അച്ഛനൊപ്പമെത്തി കാനനവാസനെ കണ്ടതിന്റെ സന്തോഷത്തിൽ തൊഴുകൈകളുമായി ഇളയമകൻ കബീർ ആരിഫും നിന്നു.

ഞായറാഴ്ച വൈകീട്ട് നാലേകാലോടെ പമ്പയിലെത്തിയ ഗവർണർ ഒരുമണിക്കൂറിന് ശേഷം ഗണപതിക്ഷേത്രത്തിലെത്തി തൊഴുതു. മേൽശാന്തിമാരായ സുരേഷ് ആർ. പോറ്റിയും നാരായണൻപോറ്റിയും ചേർന്ന് മണ്ഡപത്തിൽ അപ്പോഴേക്കും ഗവർണർക്കും മകനുമുള്ള ഇരുമുടിക്കെട്ട് നിറയ്ക്കാൻ ഒരുങ്ങിനിന്നു. പായയ്ക്ക് മുകളിൽ പത്രംവിരിച്ച് ഗവർണറും മകനും അതിലിരുന്ന് കെട്ടുനിറച്ചു. ദക്ഷിണ നൽകി മേൽശാന്തിമാരിൽനിന്ന് ഇരുമുടിക്കെട്ട് തലയിലേറ്റി.

ഡോളി ഒരുക്കിയെങ്കിലും വേണ്ടെന്ന് പറഞ്ഞ് സ്വാമി അയ്യപ്പൻ റോഡ് വഴി നടന്നായിരുന്നു മലകയറ്റം. ഇടയ്ക്കൊന്നും വലിയ വിശ്രമത്തിന് നിന്നില്ല. 40 മിനിറ്റിൽ മരക്കൂട്ടം കടന്നു. ഏഴേകാലോടെ വലിയ നടപ്പന്തലിലെത്തിയപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, അംഗം അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി എന്നിവർ പൊന്നാടയണിച്ചു. പടിപൂജ സമയമായതിനാൽ ഗസ്റ്റ് ഹൗസിലെത്തി ഒരല്പം വിശ്രമം.

പിന്നീട് പതിവ് വേഷം മാറ്റി. മുണ്ടും ജൂബ്ബയുമിട്ട് ഇരുമുടി കെട്ടുമേന്തി എട്ടേകാലോടെ മകനൊപ്പം അദ്ദേഹം പതിനെട്ടാംപടി ചവിട്ടി. സഹായത്തിന് പോലീസ് ഉദ്യോഗസ്ഥരുണ്ടായെങ്കിലും ആരുടേയും കൈപിടിക്കാതെയായിരുന്നു പടികയറ്റം. ശ്രീകോവിലിന് മുന്നിലെത്തി ശരണംവിളിച്ച് ഏറെനേരം ഭഗവാനെ തൊഴുതുനിന്നു. കണ്ണടച്ച് പ്രാർഥിച്ചു. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ജയരാജ്പോറ്റിയും ശ്രീകോവിൽനിന്ന് പ്രസാദവും അയ്യപ്പന് ചാർത്തിയ ഉടയാടയും നൽകി. തുടർന്ന് ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറത്തമ്മയ്ക്കരികിലേക്ക്. വാവരുനടയിലും തൊഴുത് പ്രസാദം വാങ്ങി. തിരികെ ശ്രീകോവിലിന് മുന്നിലെത്തുമ്പോഴേക്കും ഹരിവരാസന സമയമായിരുന്നു. ചൊല്ലിത്തീരുംവരെ അയ്യപ്പചൈതന്യത്തിലേക്ക് നോക്കി കണ്ണെടുക്കാതെനിന്നു. അയ്യപ്പദർശനത്തിന്റെയും ഉറക്കുപാട്ട് കേട്ടതിന്റെയും സുകൃതാനുഭവങ്ങൾ ഒപ്പമുള്ളവരോട് പങ്കുവെച്ചായിരുന്നു ഗസ്റ്റ്ഹൗസിലേക്കുള്ള മടക്കം.

തിങ്കളാഴ്ച രാവിലെയും ഗവർണർ ദർശനം നടത്തും. മാളികപ്പുറം ക്ഷേത്രപരിസരത്ത് ചന്ദനത്തൈ നട്ടശേഷം പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത് തിരികെ മടങ്ങും.