തിരുവനന്തപുരം: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ആഹ്വാനംചെയ്ത ജനതാ കർഫ്യൂവിനോട് നല്ലരീതിയിൽ പ്രതികരിച്ചതിന് കേരളജനതയെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ദൃഢനിശ്ചയമാണ് വീട്ടിൽ ഇരുന്നുകൊണ്ട് കേരളീയർ പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൈകഴുകുന്നതിന്റെ പ്രാധാന്യം നൃത്തരൂപത്തിൽ അവതരിപ്പിച്ച പോലീസിന്റെ സേവനത്തെയും ഗവർണർ അഭിനന്ദിച്ചു. മൊത്തത്തിൽ കൊറോണ പ്രതിരോധത്തിൽ കേരളീയരുടെ പ്രതികരണം പ്രശംസയർഹിക്കുന്നു. ‘മലയാളി, തുമേം സലാം’ എന്നു പറഞ്ഞാണ് അദ്ദേഹം അഭിനന്ദനം ചൊരിഞ്ഞത്.

നമുക്ക് ഒന്നിച്ചുതുടരാം -മുഖ്യമന്ത്രി

കൊറോണക്കെതിരായ പോരാട്ടത്തിൽ ഇനിയും സഞ്ചരിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊർജം നഷ്ടപ്പെടാതെ നമുക്ക് ഒന്നിച്ചുതുടരാം- അദ്ദേഹം പറഞ്ഞു. മനുഷ്യകുലത്തിന്റെ നിലനിൽപ്പിനായി പൊരുതുന്ന ലോകത്തെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് അദ്ദേഹം നന്ദിപറഞ്ഞു. പ്രധാനമന്ത്രി ആഹ്വാനംചെയ്ത ജനതാ കർഫ്യൂ ദിവസം സാമൂഹിക മാധ്യമത്തിലൂടെയാണ് മുഖ്യമന്ത്രി കൊറോണ പ്രതിരോധരംഗത്തുള്ളവരെ അഭിനന്ദിച്ചത്.

ആരോഗ്യരംഗത്തുള്ളവരുടെ അത്യധ്വാനമാണ് നമ്മളെ ഇതുവരെ പിടിച്ചുനിൽക്കാൻ പ്രാപ്തരാക്കിയത്. പോലീസും തൊഴിലാളികളും ജയിൽ അന്തേവാസികളുംവരെ ഉൾപ്പെടുന്ന വലിയവിഭാഗം ജനങ്ങളും പിന്തുണ നൽകുന്നു. നിർണായകമായ ഈ ഘട്ടത്തിൽ ഇതാണ് നമ്മെ മുന്നോട്ടുനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: governor arif mohammad khan praises kerala