തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വി.സി. നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നൽകിയ നോട്ടീസ് സർക്കാരിന് കൈമാറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുസംബന്ധിച്ച് രാജ്ഭവൻ ഓഫീസിന് നിർദേശം നൽകിയതായി അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകളിൽ തീരുമാനമെടുക്കാതെ സർക്കാരിലേക്ക് മടക്കി അയക്കാൻ കഴിഞ്ഞദിവസം നിർദേശിച്ചതിനുപിന്നാലെയാണ് കോടതി നോട്ടീസും സർക്കാരിന് കൈമാറി ഗവർണർ വീണ്ടും പരസ്യ പോരിനിറങ്ങിയത്.

കോടതി നോട്ടീസ് നൽകിയിട്ടുള്ളത് ചാൻസലർക്കാണ്. തനിക്ക് വ്യക്തിപരമായല്ല. ഈ മാസം എട്ടുമുതൽ താൻ ചാൻസലറായി പ്രവർത്തിക്കുന്നില്ല. സർവകലാശാലയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ താൻ നിർഹിക്കുന്നില്ല. അതിനാൽ നോട്ടീസ് സർക്കാരിലേക്ക് അയക്കാൻ ഓഫീസിൽ നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് ചാൻസലർ പ്രവർത്തിക്കുന്നത്. അത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. നിയമനിർമാണത്തിലൂടെ സംസ്ഥാന സർക്കാർ ഭാരമേല്പിച്ച ഉത്തരവാദിത്വം. പിന്നീട് സർക്കാർ അതിൽ ഇടപെടേണ്ടതില്ല. ഇടപെടേണ്ടതുണ്ടെങ്കിൽ ഉത്തരവാദിത്വങ്ങൾ സർക്കാരിനുതന്നെ തിരിച്ചെടുക്കാമെന്നും സർക്കാരുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യംചെയ്ത് നൽകിയ അപ്പീലിൽ ചാൻസലർ കൂടിയായ ഗവർണറാണ് ഒന്നാമത്തെ എതിർകക്ഷി. അതിനാലാണ് കഴിഞ്ഞദിവസം കോടതി പ്രത്യേക ദൂതൻ വഴി നോട്ടീസ് രാജ്ഭവനിൽ എത്തിച്ചത്. ഇത് രാജ്ഭവൻ ഓഫീസ് കൈപ്പറ്റിയിരുന്നു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കും കണ്ണൂർ സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ 12-ന് കോടതി വാദം കേൾക്കുമെങ്കിലും ഗവർണർക്ക് വേണ്ടി അഡ്വക്കേറ്റ് ജനറൽ ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽത്തന്നെ ഗവർണർ പ്രത്യേക അഭിഭാഷകനെ നിയോഗിക്കാനും ആലോചിച്ചിട്ടുണ്ട്.

കാലടി സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച ഫയലുകളടക്കം തിരിച്ചയക്കാൻ ഗവർണർ തന്റെ ഓഫീസിന് നിർദേശം നൽകിയിരുന്നു. രാഷ്ട്രീയ സമ്മർദം കാരണം തനിക്ക് പ്രവർത്തിക്കാനാകുന്നില്ലെന്നും ചാൻസലർ പദവി സർക്കാർ ഏറ്റടുക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.