തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെ വിശദവിവരങ്ങൾ സർക്കാർ ശേഖരിക്കുന്നു. ഇതിനായി വീൽസ് എന്ന വെബ് അധിഷ്ഠിത സോഫ്റ്റ്‌വേർ (www.veels.kerala.gov.in) തയ്യാറായിവരുന്നു. ആദ്യമായാണ് സർക്കാർ സ്വന്തം വാഹനവ്യൂഹത്തിന്റെ കണക്കെടുക്കുന്നത്. വാഹനങ്ങളുടെ നിയന്ത്രണമുള്ള ഉദ്യോഗസ്ഥർ ഇതിലേക്ക് വിവരങ്ങൾ കൈമാറണം.

പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെ വിവരങ്ങളും ഈ സോഫ്റ്റ്‌വേ‌റിൽ ഉൾപ്പെടുത്തും. കരാർ വാഹനങ്ങളുടെ വിശദാംശങ്ങളും ചേർക്കണം. ഡ്രൈവർമാരുടെ വിവരങ്ങൾ നിർബന്ധം. വാഹനങ്ങളുടെ കാര്യത്തിലുള്ള മാറ്റങ്ങൾ അതത് സമയം സോഫ്റ്റ്‌വേറിൽ ഉൾപ്പെടുത്തണം.