കോട്ടയം: അതിവേഗ റെയിലിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കണ്ണൂർ എൽ.ആർ. ഡെപ്യൂട്ടി കളക്ടറായിരുന്ന അനിൽ ജോസിനെ സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ ചുമതല നൽകി എറണാകുളത്ത് നിയമിച്ചു. ഇൗ ഒാഫീസാകും നടപടികൾ ഏകോപിപ്പിക്കുന്നത്.

നേരത്തെ പാത കടന്നുപോകുന്ന 11 ജില്ലകളിലും സ്പെഷ്യൽ തഹസീൽദാർമാരെ നിയമിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഭൂവിടം തിരിക്കാനുള്ള അതിര് കല്ല് സ്ഥാപിക്കുന്ന ജോലിയാണ് അവർ നടത്തിവരുന്നത്.

കല്ലിടൽ പൂർത്തിയായി ഭൂവിടം എത്രയെന്ന് കൃത്യമായി കണ്ടെത്തിക്കഴിഞ്ഞാലേ സാമൂഹിക ആഘാതപഠനം നടത്താൻ കഴിയൂ. മൂന്ന് മാസത്തിനകം സർവേ പൂർത്തിയാക്കുകയാണ് പുതിയ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തിന്റെ ആദ്യകടമ്പ. 15 വില്ലേജുകളിൽ കല്ലിടൽ പൂർത്തിയായിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. 30-ന് ഇറങ്ങിയ ഉത്തരവുപ്രകാരം 1221 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുന്നതെന്ന് റവന്യൂവകുപ്പ് അറിയിച്ചിരുന്നു. ഒാരോ ജില്ലകളിലും പാത കടന്നുപോകുന്ന വില്ലേജുകളുടെയും ഭൂമിയുടെ സർവേ നമ്പരിന്റെയും വിസ്തൃതിയുടെയും വിവരങ്ങൾ അന്ന് പ്രസിദ്ധപ്പെടുത്തി.

ആദ്യം പുറത്തിറങ്ങിയ ഉത്തരവുകളിലെ സർവേ നമ്പരുകളിലെ പിശക് തീർത്താണ് ഇത് പുറത്തുവന്നത്. ഇൗ ഉത്തരവുപ്രകാരമാണ് കല്ലിടലിനുള്ള ഇടം നിശ്ചയിച്ചത്.

വിദേശവായ്പയിലെ അധികഭാരം സംസ്ഥാനം വഹിക്കാമെന്ന് കേരളം റെയിൽവേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. നേരത്തെ റെയിൽവേ വഹിക്കുമെന്ന് പറഞ്ഞതിൽ കൂടുതലായി ഒന്നും ഏറ്റെടുക്കില്ലന്ന് നീതി ആയോഗും വ്യക്തമാക്കിയതിനെത്തുടർന്നാണ് എല്ലാ അധികബാധ്യതയും സംസ്ഥാനം ഏറ്റെടുക്കുന്നതായി അറിയിച്ചത്.

പ്രതിപക്ഷകക്ഷികളും പ്രാദേശിക ആക്‌ഷൻ കൗൺസിലുകളും പദ്ധതിക്ക് എതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനിടെയാണ് സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത്.