തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം സാമൂഹികമാധ്യമങ്ങളിലെ പരസ്യത്തിന് സർക്കാർ നൽകിയത് 1.5 കോടി രൂപ. സർക്കാരിന്റെ പ്രചാരണപ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ള സ്വകാര്യ കമ്പനിക്കാണ് 26-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തുക അനുവദിച്ചത്.

നവംബറിലാണ് ടെൻഡറുകൾ പരിശോധിക്കാൻ സമിതി ചേർന്നത്. റീടെൻഡർ വേണ്ടിവന്നെങ്കിലും ത്വരഗതിയിൽ നടപടിക്രമങ്ങൾ നീക്കി. ജനുവരി 12-ന് പുതിയ ടെൻഡറുകൾ പരിശോധിക്കുകയും അടുത്തദിവസം ചേർന്ന പരിശോധനാസമിതി കരാർ അംഗീകരിക്കുകയും ചെയ്തു. ഇതിൽ തിടുക്കപ്പെട്ട് 26-ന് ഉത്തരവ് ഇറക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമാണ് ഉത്തരവ് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് കരാർ നൽകിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കരാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുല്യമാണെന്നും പരാതിയുണ്ട്.

ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിന് 13.26 ലക്ഷം രൂപ മറ്റൊരു കമ്പനിക്കും 26-ന് അനുവദിച്ചിട്ടുണ്ട്. 26.52 ലക്ഷം രൂപയുടേതാണ് കരാർ. ഇത് ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ കമ്പനിക്ക് 50 ശതമാനം തുക മുൻകൂർ നൽകണമെന്ന സി- ഡിറ്റ് ഡയറക്ടറുടെ ശുപാർശപ്രകാരമാണ് 13.26 ലക്ഷം രൂപ അനുവദിച്ചത്.

Content Highlights: government social media advertisement