തിരുവനന്തപുരം: വരുമാനക്കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ സംസ്ഥാനസർക്കാർ വലിയ വീഴ്ചവരുത്തുന്നതായി സി.എ.ജി. 2019 മാർച്ച് 31 വരെ 20,146.39 കോടിരൂപയാണ് പിരിച്ചെടുക്കാനുള്ളത്. ഇതിൽ 5765.84 കോടി അഞ്ചുവർഷത്തിലേറെയായി കുടിശ്ശികയാണ്. സർക്കാരിന്റെ റവന്യൂ വിഭാഗത്തെപ്പറ്റിയുള്ള റിപ്പോർട്ടിലാണ് കണ്ടെത്തൽ. റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു.

പ്രധാന വകുപ്പുകളിൽ കുടിശ്ശികയുടെ വിവരശേഖരണം കാര്യക്ഷമമല്ല. കുടിശ്ശിക നിരീക്ഷിക്കാനും പിരിച്ചെടുക്കാനും ഫലപ്രദമായ സംവിധാനം വേണമെന്നും സി.എ.ജി. നിർദേശിച്ചു.

പിരിച്ചെടുക്കാനുള്ള തുക സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 22 ശതമാനത്തോളം വരും. ഇതിൽ 5362.95 കോടി പിരിച്ചെടുക്കുന്നതിന് സർക്കാരിന്റെയും കോടതികളുടെയും സ്റ്റേയുണ്ട്. ഇതു നീക്കാൻ സർക്കാർ ഇടപെടണം. 5564.64 കോടി സർക്കാർ സ്ഥാപനങ്ങൾ വരുത്തിയ കുടിശ്ശികയാണ്.

ആറു പ്രധാന വകുപ്പുകളിലെ കുടിശ്ശിക 2014-15 മുതൽ 2018-19 വരെയുള്ള നാലുവർഷം 130.8 ശതമാനം വർധിച്ചു. 4933.72 കോടിരൂപ 11,366.35 കോടിയായി വർധിച്ചു. ചരക്ക്-സേവന നികുതി (ജി.എസ്.ടി.) ഉൾപ്പെടെ വിൽപ്പനനികുതിയിലാണ് കൂടുതൽ കുടിശ്ശിക- 13,305.88 കോടി. ചരക്ക്-സേവന നികുതിയിൽ വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും നൽകേണ്ട കുടിശ്ശിക 11,697.01 കോടിയായിരുന്നു.

സ്റ്റേ നിലനിൽക്കുന്നതും വ്യാപാരികൾ കച്ചവടം അവസാനിപ്പിച്ചതും പാപ്പരായതുമൊക്കെയാണ് വിൽപ്പന നികുതിയിലെ കുടിശ്ശിക പിരിവിന്റെ കാലതാമസത്തിനു കാരണമായി നികുതിവകുപ്പ് സി.എ.ജി.ക്കു നൽകിയ മറുപടി. പല കാരണങ്ങളാൽ ജപ്തി നിർത്തിവെച്ചതും കുടിശ്ശിക കൂടാനിടയായി.

പ്രധാന വകുപ്പുകളുടെ കുടിശ്ശിക ഒറ്റനോട്ടത്തിൽ (കോടിയിൽ)

വില്പനികുതി- 13,305

വാഹനനികുതി- 2457.16

വൈദ്യുതി- 1486.50

വനംവകുപ്പ്- 407.12

പോലീസ്- 249.40

എക്സൈസ്- 258.80

ഭൂനികുതി- 450.71 കോടി

മുദ്രപ്പത്രം, രജിസ്‌ട്രേഷൻ- 1401.62