തിരുവനന്തപുരം: അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കാൻ സഹായകമായത് സംഘപരിവാർ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ആരോപിക്കുന്ന ലേഖനവുമായി സർക്കാർ പ്രസിദ്ധീകരണം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയുടെ ഡിസംബർ ലക്കത്തിൽ അക്കിത്തത്തിന്റെ ആദ്യകാല കവിതകളെയും പിൽക്കാലത്തെ ഹിന്ദുത്വ നിലപാടുകളെയും വിമർശിക്കുകയും ചെയ്യുന്നു. എഡിറ്റർ സി. അശോകന്റെ ‘മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠമെത്തുമ്പോൾ’ എന്ന ലേഖനത്തിലാണ് വിമർശനങ്ങൾ.

അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് മലയാളത്തിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം അതിന് അർഹനല്ലെന്ന് ആരും പറയില്ലെന്നും ലേഖനത്തിന്റെ തുടക്കത്തിൽ പറയുന്നു. തുടർന്ന് അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന വിഖ്യാത കവിതയിലെ പുരോഗമന ആശയമുള്ള വരികൾ പിൽക്കാലത്തെ കവിയുടെ നിലപാടുകളെ ചോദ്യംചെയ്യുന്നവയാണെന്ന് ചൂണ്ടിക്കാട്ടുന്നു.

‘വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’ എന്ന കവിയുടെ വരികൾ പിന്നീട് വിരോധാഭാസമായി. ഹിന്ദുത്വ ഫാസിസത്തിന്റെ വിദ്വേഷാന്ധത ബാധിച്ച് അഭിനവ ധൃതരാഷ്ട്രരായി മാറിയ അക്കിത്തത്തിന്റെ പ്രവർത്തനങ്ങളെക്കാൾ ഭേദം തമസ്സാണെന്ന് കവിത പ്രഖ്യാപിക്കുന്നതായി നാം മനസ്സിലാക്കുന്നു. ഹിന്ദുത്വ ഫാസിസത്തിന്റെ വക്താവും പ്രയോക്താവുമായി മാറിയ അക്കിത്തത്തിന് അങ്ങനെയൊരു കൃതി രചിക്കുക സാധ്യമല്ല. ആ കൃതി നാളിതുവരെ പ്രവർത്തിച്ചുവരുന്നത് ജീവിച്ചിരിക്കുന്ന അക്കിത്തത്തിന്റെ ഹിന്ദുത്വ നിലപാടുകളെ പിളർത്തിക്കൊണ്ടാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു.

Content Highlights:  Government Publication against Akkitham Achuthan Namboothiri