തിരുവനന്തപുരം: സ്ത്രീകളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ മാനസികാരോഗ്യപദ്ധതി തയ്യാറാക്കും. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളാണ് വനിതാദിനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുന്നത്. പ്രത്യേകപഠനം നടത്തിയശേഷമാകും തുടർനടപടി.

പ്രസവാനന്തരം സ്ത്രീകളിലുള്ള മാനസിക സമ്മർദം കുറയ്ക്കാൻ ആവിഷ്കരിച്ച ‘അമ്മമനസ്സ്’ പദ്ധതി വ്യാപിപ്പിക്കും. ബെംഗളൂരുവിലെ നിംഹാൻസ് അടക്കം ഈ പദ്ധതിയിൽ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കുഞ്ഞുങ്ങളെ നന്നായി സംരക്ഷിക്കുന്നതിനുപകരം അവർ ഒരു ബാധ്യതയായും സ്വന്തം സന്തോഷം നശിപ്പിക്കുന്നതായും ചിലരെങ്കിലും കരുതുന്നു. ഇത്തരം മാനസികപ്രശ്നങ്ങൾ പരിഹരിക്കാനും പദ്ധതിയുണ്ടാകും. തുറന്നുപറയാൻ ഒരിടമില്ലാത്ത അവസ്ഥയാണ് സ്ത്രീകളിൽ മാനസികസമ്മർദമുണ്ടാക്കുന്നത്. ഇത് കുറ്റകൃത്യങ്ങളിലേക്ക് പ്രേരിപ്പിക്കുന്നു. ഇത് അതിജീവിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കുടുംബാരോഗ്യകേന്ദ്രങ്ങളിലെ വിദഗ്്ധസംഘത്തെ നിയോഗിച്ച് കൗൺസലിങ് വ്യാപകമാക്കാനാണ് ആലോചന. സ്കൂൾ, കോളേജ് തലത്തിൽ ഇത്തരം പദ്ധതികൾ നടപ്പാക്കും. അൺഎയ്ഡഡ് മേഖലയിലും കൗൺലിങ് നിർബന്ധമാക്കുന്നകാര്യം വിദ്യാഭ്യാസവകുപ്പുമായി ആലോചിക്കും.

ഓഖിക്കും നിപയ്ക്കുംശേഷം പലരെയും മാനസികപിരിമുറുക്കത്തിൽനിന്ന് മോചിപ്പിച്ചത് ആരോഗ്യ, സാമൂഹികനീതി വകുപ്പുകൾ നടത്തിയ കൗൺസലിങ് ആണ്. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൗൺസലിങ് വ്യാപിപ്പിക്കുന്നത്.

കോളേജ് വിദ്യാർഥികൾക്കും കൗൺസലിങ്

’ഉത്തരവാദിത്വമുള്ള രക്ഷാകർതൃത്വം’ എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും സാമൂഹികനീതിവകുപ്പ് വിവാഹപൂർവ കൗൺസലിങ് കേന്ദ്രങ്ങൾ തുടങ്ങും. ഇതിനുള്ള പ്രാഥമികചർച്ച തുടങ്ങി. ഒരു ജില്ലയിൽ ഒരുകേന്ദ്രമെങ്കിലും തുടങ്ങും. കോളേജ് വിദ്യാർഥികൾക്കായി വിവാഹപൂർവ കൗൺസലിങ് നൽകുന്നകാര്യവും ആലോചിക്കുന്നുണ്ട്.

വനിതാശിശുവികസന, സാമൂഹികക്ഷേമവകുപ്പുകൾ ചേർന്ന് സ്ത്രീകളിലെ തൊഴിൽജന്യരോഗങ്ങൾ തടയാൻ പഠനം നടത്തി പരിഹാരം കണ്ടെത്താനും ആലോചനയുണ്ട്.

അന്തർദേശീയ വാണിജ്യ ഗവേഷണകേന്ദ്രം വരും

കോഴിക്കോട് ജൻഡർ പാർക്കിൽ സ്ത്രീകൾക്കായി അന്തർദേശീയ വാണിജ്യഗവേഷണ കേന്ദ്രം തുറക്കും. 300 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കുന്നത്. 100 കോടിയെങ്കിലും സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

തിയേറ്റർ, കൺവെൻഷൻസെന്റർ, അന്തർദേശീയ മ്യൂസിയം, ആധുനിക ലൈബ്രറി എന്നിവയുടെ നിർമാണം ഇപ്പോൾ നടക്കുന്നുണ്ട്. ഇതിന്റെ രണ്ടാംഘട്ടമായാണ് അന്തരാഷ്ട വനിതാവാണിജ്യ ഗവേഷണകേന്ദ്രം. മൂന്നുവർഷത്തിനകം കേന്ദ്രം പൂർണസജ്ജമാക്കാനാണ് ആലോചിക്കുന്നത്.

പുതുസംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്ന സ്ത്രീകൾക്ക് പരിശീലനം നൽകും. ആദിവാസികൾ അടക്കമുള്ളവരുടെ കരകൗശല ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള സൗകര്യമുണ്ടാകും. ഈ മേഖലയിലെ ഗവേഷണപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലോകത്തെവിടെയും തൊഴിലവസരം കണ്ടെത്താനാകുംവിധം സ്ത്രീകളുടെ തൊഴിൽ, നൈപുണി പരിശീലനമാണ് ഗവേഷണകേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനുമുന്നോടിയായി അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കാനും ആലോചിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ വനിതാസംഘടനയായ യു.എൻ. വിമണിന്റെ സഹകരണവും ലഭിക്കും. ഈ മാസം 20-ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പിടും. അവരുടെ ദക്ഷിണമേഖലാ ഓഫീസ് ഇവിടെ തുറക്കുന്നകാര്യവും പരിഗണിക്കുന്നുണ്ട്.

content highlights; Government project to reduce women's depression