ചെറുതോണി (ഇടുക്കി): പ്രളയത്തിൽ തകർന്ന വീടിനുള്ളിൽ പെൺമക്കൾ ഉറങ്ങുമ്പോൾ തിണ്ണയിൽ കാവലിരിക്കുന്ന സജീവന്റെ ദയനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. വ്യാഴാഴ്ച ‘ഈ അച്ഛൻ ഉറങ്ങാതായിട്ട് രണ്ടുവർഷം’ എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തകണ്ട് സഹായഹസ്തവുമായി ഒട്ടേറെപ്പേർ മുന്നോട്ടുവന്നു. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇവർക്ക് മൂന്നുമാസത്തിനുള്ളിൽ വീടുവെച്ചുനൽകുമെന്ന് പ്രഖ്യാപിച്ചു.

വീടുവെക്കാൻ സർക്കാർ അഞ്ചുലക്ഷം രൂപനൽകും. ബാക്കി പണം സഹകരണബാങ്ക് കണ്ടെത്തും. സജീവന്റെ കഥ വായിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടുക്കി ജില്ലാ കളക്ടറോട് വിവരങ്ങൾ ആരാഞ്ഞു. സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽപ്പെടുത്തി സജീവന് വീടുവെച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ സജീവന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അത് വൈകുമെന്നതിനാലാണ് മന്ത്രി അടിയന്തരനടപടിയെടുത്തത്. രണ്ടു പെൺമക്കളുടെ സുരക്ഷയ്ക്കായി അച്ഛൻ കാവലിരിക്കുന്ന അവസ്ഥ ഭയാനകമാണെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ജോയന്റ് രജിസ്ട്രാർ എസ്. ഷേർളി എന്നിവർ സജീവന്റെ വീട് സന്ദർശിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ ദിനേശ് എം. പിള്ള പാരാ ലീഗൽ വൊളന്റിയർമാരോട് റിപ്പോർട്ട് തേടി.

ചെറുതോണി ടൗണിനോടു ചേർന്നുള്ള ആറുസെൻറ് കോളനിയിൽ താമസിക്കുന്ന പാറേപറമ്പിൽ സജീവൻ രണ്ടുവർഷമായി പെൺമക്കൾക്കും രോഗിയായ ഭാര്യയ്ക്കും ഒന്നാം ക്ലാസുകാരൻ മകനും കാവലായി ഉറങ്ങാതിരിക്കുകയായിരുന്നു. 2018-ലെ പ്രളയത്തിലാണ് ഇവരുടെ കൂരയുടെ ഒരുഭാഗം തകർന്നത്. പിന്നെ െഫ്ലക്സും ഷീറ്റുമൊക്കെ കെട്ടി ഒറ്റമുറിയിലായിരുന്നു താമസം. അടച്ചുറപ്പില്ലാത്ത വീട്ടിലുറങ്ങാൻ പേടിയാകുന്നെന്ന് പെൺമക്കൾ പറഞ്ഞതോടെയാണ് ഈ അച്ഛൻറെ ഉറക്കമില്ലാത്ത രാത്രികൾ തുടങ്ങിയത്.

ഒട്ടേറെ സന്നദ്ധസംഘടനകളും വ്യക്തികളും സജീവന് സഹായം വാഗ്ദാനംചെയ്ത് മുന്നോട്ടുവന്നിട്ടുണ്ട്.