തിരുവനന്തപുരം: സർക്കാർജീവനക്കാർ നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജോയന്റ് കൗൺസിൽ 52-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ‘ജനാധിപത്യത്തിൽ സിവിൽ സർവീസിന്റെ അനിവാര്യത’ എന്ന വിഷയത്തിലെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരും ഇന്ത്യയിലെ ഇതര സംസ്ഥാന സർക്കാരുകളും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ മുടങ്ങാതെ ശമ്പളവും ആനുകൂല്യങ്ങളും നൽകുകയാണ്. സർവീസിൽ ഓരോരുത്തർക്കും ലഭിക്കുന്നത് അവർക്ക് ജീവിച്ചുപോകാൻ മാത്രമുള്ള തുകയാണ്. ജനങ്ങൾ ഓഫീസിലേക്ക് ആവശ്യങ്ങളുമായി വരുമ്പോൾ സ്വീകരിക്കുന്ന സമീപനം ജനപക്ഷമായിരിക്കണം. ചുരുക്കം ചിലരുടെ പ്രവർത്തനങ്ങളാണ് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നത്. ചില വ്യക്തികൾ കാണിക്കുന്ന കൊള്ളരുതായ്മകളെ ഒരിക്കലും സംരക്ഷിക്കരുത് -മുഖ്യമന്ത്രി പറഞ്ഞു.

സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു വിഷയാവതരണം നടത്തി. മന്ത്രി കെ.രാജൻ അധ്യക്ഷനായിരുന്നു. ജോയന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ്ഖാൻ, എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ, എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, അധ്യാപക-സർവീസ് സംഘടനാ സമരസമിതി ചെയർമാൻ എൻ.ശ്രീകുമാർ, സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജോയന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, ജോയന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ ആർ.ഉഷ എന്നിവർ പ്രസംഗിച്ചു.

സാംസ്കാരിക സമ്മേളനം ചലച്ചിത്ര പ്രവർത്തകൻ കിഷോർ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ പ്രതിനിധിസമ്മേളനം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.