
ശബരിമല: ശ്രീലങ്കയിൽനിന്നുള്ള തമിഴ് വംശജ ശശികല(47) ശബരിമലയിൽ ദർശനം നടത്തിയതായി സർക്കാർ. പോലീസ് സുരക്ഷയിൽ ദർശനം നടത്തിയെന്നാണ് പറയുന്നത്. എന്നാൽ, ഇക്കാര്യം ശശികല നിഷേധിച്ചു. ശബരിമലയിലേക്കുള്ള പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചുവെന്ന് ശശികല പമ്പയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10.45-ന് ഇവർ ദർശനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവിട്ടെങ്കിലും ചിത്രത്തിൽ കാണുന്നത് ശശികലയാണോ എന്നത് സംശയമുണ്ട്. ശശികല ദർശനം നടത്തിയകാര്യം ദേവസ്വംബോർഡും സ്ഥിരീകരിച്ചിട്ടില്ല. ആചാരലംഘനം ബോധ്യമായാൽ ശുദ്ധിക്രിയ നടത്തണം. വെള്ളിയാഴ്ച രാത്രിവരെയും അത്തരം ചടങ്ങ് നടത്തിയിട്ടില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ശുദ്ധിക്രിയ നടത്താനാകില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.
ഭർത്താവ് ശരവണമാരൻ, മകൻ, ഒരു സഹായി എന്നിവർക്കൊപ്പമാണ് ശശികല ഇരുമുടിക്കെട്ടുമായി വ്യാഴാഴ്ച ശബരിമലയിലേക്ക് പുറപ്പെട്ടത്. രാത്രി എട്ടരയോടെ പമ്പയിലെത്തി. തുടർന്ന് മലകയറി. പോലീസ് മഫ്‌തിയിൽ ഇവർക്ക് സംരക്ഷണമൊരുക്കിയെന്നാണ് പറയുന്നത്. ഇതിന് സ്ഥിരീകരണമില്ല. മരക്കൂട്ടംവരെ നാലുപേരും ഒരുമിച്ച് യാത്രചെയ്‌തെങ്കിലും പിന്നീട് ഭർത്താവും മകനും ആദ്യം സന്നിധാനത്ത് പോയി. പിറകിലായിരുന്നു ശശികലയും സഹായിയും.
ശശികല വരുന്നകാര്യം വാർത്തയായതോടെ പോലീസ് തന്ത്രപൂർവം ഇവരെ കൊണ്ടുവരുകയായിരുന്നെന്നാണ് പറയുന്നത്. ശശികല മരക്കൂട്ടത്ത് യാത്ര അവസാനിപ്പിച്ചു തിരികെ പോയതായി കഥപടർന്നു. ഈ സമയം വലിയനടപ്പന്തലിൽ ഒരുസംഘം പ്രതിഷേധിക്കാൻ തയ്യാറായി നിന്നെങ്കിലും ഐ.ജി.യുടെ നേതൃത്വത്തിലുള്ള പോലീസ് ഇവരെ മാറ്റി.
പത്തരയോടെ ശശികല സന്നിധാനത്തെത്തുകയും 10.45-നും 10.50-നും ഇടയിൽ ദർശനം നടത്തുകയും ചെയ്തുവെന്നാണ് പറയുന്നത്. ദർശനത്തിനുശേഷം ശശികലയുടെ ഭർത്താവും മകനും വാവര്നടയ്ക്കുസമീപം പോലീസ് എയ്ഡ് പോസ്റ്റിൽ രാത്രി പതിനൊന്നരയോടെയെത്തി.
ശശികല മരക്കൂട്ടത്തുവെച്ച് തിരികെപ്പോയെന്ന് ഭർത്താവ് പറഞ്ഞു. ഔട്ട് പോസ്റ്റിലെ പോലീസും ഇതുതന്നെയാണ് പറഞ്ഞത്. രാത്രി 12 മണിക്കുശേഷം പോലീസ് സുരക്ഷയിൽ ഭർത്താവും മകനും പമ്പയിലേക്ക് പോയി. ഇവർ പമ്പയിൽ എത്തിയത് രണ്ടുമണിയോടെയാണ്. ഇതിന് 10 മിനിറ്റുമുമ്പ് ശശികലയും സഹായിയും പമ്പയിലെത്തിയിരുന്നു.
പമ്പയിൽനിന്ന് ട്രാക്ടർ റോഡ് വഴി ഇറങ്ങിയ ശശികലയെ രാത്രി 1.58-ഓടെ മാധ്യമപ്രവർത്തകർ കണ്ടിരുന്നു. 41 ദിവസം വ്രതമെടുത്തുവന്ന തന്നെ ദർശനം നടത്താൻ ആനുവദിച്ചില്ലെന്നും താൻ തിരികെയിറങ്ങുകയായിരുന്നുവെന്നും ശശികല പറഞ്ഞു. കൂടുതൽ ചോദിച്ചപ്പോൾ ക്ഷോഭിക്കുകയും ചെയ്തു.
താൻ ശശികലയെ കണ്ടിട്ടില്ലെന്നും ഒന്നും അറിയില്ലെന്നുമാണ് സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ വി. അജിത് പറഞ്ഞത്. അവർ സന്ദർശനം നടത്തിയിട്ടുണ്ടാവും, അല്ലെങ്കിൽ പോലീസിൽ പരാതി തന്നേനെയെന്നാണ് പമ്പ സ്‌പെഷ്യൽ ഓഫീസർ സഞ്ജയ്‌കുമാർ ഗുരുഡിന്റെ പ്രതികരണം.
ശശികലയുടെ ഗർഭപാത്രം നീക്കം ചെയ്തതാണെന്നും ഇതിന്റെ രേഖ പമ്പയിൽ പോലീസിൽ കാണിച്ചിരുന്നെന്നും ഭർത്താവ് ശരവണമാരൻ പറഞ്ഞു. പോലീസുകാരും ഇതു ശരിവെക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറായില്ല.
സ്ഥിരീകരണമില്ല -ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശ്രീലങ്കൻ യുവതി വ്യാഴാഴ്ച രാത്രി ശബരിമല സന്നിധാനത്ത് ദർശനം നടത്തിയതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ്. യുവതി സന്നിധാനത്ത് കയറിയെന്നും ഇല്ലെന്നും പറയുന്നു. ഇത് തർക്കവിഷയമാക്കേണ്ട കാര്യമില്ലെന്ന് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. സുപ്രീംകോടതിവിധി പ്രകാരം ശബരിമലയിൽ ആർക്കും വരാം. കൃത്യമായ വിവരം കിട്ടട്ടേയെന്നും അദ്ദേഹം പറഞ്ഞു.
content highlights: government claims srilankan woman entered sabarimala, women denies