തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും നൂറുദിന പരിപാടി പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ. ജനുവരിമുതൽ ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിച്ച് 1500 രൂപയാക്കും. എല്ലാ റേഷൻകാർഡ് ഉടമകൾക്കും നൽകുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് നാലുമാസംകൂടി തുടരും. നൂറുദിവസത്തിനകം 50,000 പേർക്കുകൂടി തൊഴിൽ നൽകുമെന്നും രണ്ടാംഘട്ട പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രണ്ടാംഘട്ടത്തിന്റെ ഭാഗമായി 10,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയോ തുടക്കംകുറിക്കുകയോ ചെയ്യും. 5700 കോടി രൂപയുടെ 5526 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികൾക്ക് തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്ന 122 പ്രോജക്ടുകൾ പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ 50,000 പേർക്ക് തൊഴിൽ നൽകുമെന്നാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും 1,16,440 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. തൊഴിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ സ്റ്റാർട്ടപ്പ് വില്ലേജ് സ്വയംസംരംഭക പദ്ധതിയിൽ 15,000 സംരംഭങ്ങൾ തുടങ്ങും.

കുടുംബശ്രീയുടെ കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ, പുതിയ ജനകീയ ഹോട്ടലുകൾ, കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകൾ, ഹോം ഷോപ്പികൾ എന്നിവിടങ്ങളിലൂടെ 2500 പേർക്ക് തൊഴിൽ നൽകും. കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകൾ എന്നിവയിലെ വായ്പകളിലൂടെ 10,000 പേർക്ക് തൊഴിൽ നൽകും. നൂറുദിവസത്തിനുള്ളിൽ 10,000 പട്ടയങ്ങൾകൂടി വിതരണംചെയ്യും.

content highlights: government announces hundred day programmes