മലപ്പുറം: സുപ്രീംകോടതിവിധിവരുന്നതിനുമുമ്പ് മുന്നാക്ക സംവരണം നടപ്പാക്കിയ കേരള സർക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് മുസ്‌ലിം സംഘടനകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തിന്റെ നിയമസാധുത പരിശോധിക്കാനുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസിൽ തീരുമാനമാകും മുമ്പ് സംസ്ഥാന സർക്കാർ മുന്നാക്ക സംവരണം നടപ്പാക്കിയത് പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയും മുന്നാക്ക പ്രീണനവുമാണ്. സംവരണത്തിന്റെ അടിസ്ഥാന പ്രമാണത്തെ തകർക്കുന്ന തീരുമാനം അടിയന്തരമായി നിർത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഞായറാഴ്ച മലപ്പുറത്ത് യോഗം വിളിച്ചത്.

ജനസംഖ്യാനുപാതികമായി സംവരണ തോത് പുനഃക്രമീകരിക്കണമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് 28-ന് എറണാകുളത്ത് സംവരണ സമുദായ നേതാക്കളുടെ അടിയന്തര യോഗം ചേരും. നിയമനടപടികളും സമര പരിപാടികളും യോഗം ചർച്ചചെയ്യും.

ജനസംഖ്യാനുപാതികമായി 10 ശതമാനത്തിൽ താഴെ മാത്രം വരുന്ന മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്ക വിഭാഗങ്ങൾക്ക് 10 എന്ന പരമാവധി സംവരണം നൽകിയത് നീതീകരിക്കാനാവില്ല. കേരളത്തിലെ വിവിധവിഭാഗങ്ങളുടെ തൊഴിൽ, വിദ്യാഭ്യാസ പ്രാതിനിധ്യത്തെക്കുറിച്ച് വ്യക്തമായ പഠനം നടത്തണം.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് സംസ്‌കരിക്കാൻ മാർഗരേഖ പുറത്തിറക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

വിവാഹപ്രായം ഉയർത്തുന്നത് ആശങ്കാജനകം

വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാർ തീരുമാനം ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി. ഇതിൽ പലരത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം കൂടിയാണത്. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ അവസ്ഥ ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും നേതാക്കൾ പറഞ്ഞു.

ഹൈദരലി ശിഹാബ് തങ്ങളുടെ അഭാവത്തിൽ സമസ്ത ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.എ. മജീദ് കെ. കുട്ടി അഹമ്മദ് കുട്ടി (മുസ്‌ലിംലീഗ്), എൻ.വി. അബ്ദുറഹിമാൻ, ഡോ. മജീദ് സ്വലാഹി (കെ.എൻ.എം.), ഡോ. ഇ.കെ. അഹമ്മദ് കുട്ടി (കെ.എൻ.എം. മർക്കസുദഅ്‌വ), ടി.കെ. അഷ്‌റഫ്, മുഹമ്മദ് അജ്മൽ (വിസ്ഡം), മുഹമ്മദ് ഇബ്രാഹീം മലപ്പുറം (സമസ്ത എ.പി. വിഭാഗം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), ഇ.പി. അഷ്‌റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുൽ ഉലമ), പ്രൊഫ. ഇ.പി. ഇമ്പിച്ചി കോയ (എം.എസ്.എസ്.), വി. മൊയ്തുട്ടി (എം.ഇ.എസ്.), ശംസുദ്ദീൻ ഖാസിമി (ജംഇയ്യത്തുൽ ഉലമ ഹിന്ദ്), അബ്ദുൽ ഹൈർ മൗലവി (തബ്‌ലീഗ് ജമാഅത്ത്) എന്നിവർ പങ്കെടുത്തു.

Content Highlight: Government action on economic reservation should be reconsidered - Muslim organizations