മറയൂർ: അഞ്ചുനാട്ടിലെ ഗോത്രവർഗ കോളനികൾക്കായി മുഖാവരണങ്ങൾ തുന്നുകയാണ് ആദിവാസി വനിതകളുടെ കൂട്ടായ്മ. ഇരുപത്തിനാല് വനിതകൾ ഉൾപ്പെട്ട ‘ഗോത്രജീവിക’ സംഘം തുന്നിയ തുണിമാസ്‌കുകൾ കുടികളിൽ വിതരണം ചെയ്ത് തുടങ്ങി. മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലെ അമ്പത് കുടികളിൽ ഇവരുടെ മുഖാവരണങ്ങൾ സുരക്ഷ ഒരുക്കും.

ആദ്യതരംഗത്തിൽ പരിശീലനം

കോവിഡിന്റെ ഒന്നാം തരംഗം തുടങ്ങുമ്പോൾ എല്ലായിടങ്ങളിലും മുഖാവരണങ്ങളുടെ ക്ഷാമമുണ്ടായി. കുടികളിലും ഇത് പ്രതിഫലിച്ചു. പിന്നീട് സന്നദ്ധ സംഘടനകളും വനം, പട്ടികവർഗ വകുപ്പുകളും ആവശ്യത്തിന് മുഖാവരണങ്ങൾ എത്തിച്ചു. എങ്കിലും മുഖാവരണം തുന്നാൻ കുടിക്കാർക്ക് പരിശീലനം നൽകാൻ പട്ടികവർഗ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

2020 ഏപ്രിലിൽ ഇതിനായി മൂലമറ്റത്ത് ‘ഗദ്ദിക’ എന്ന സംഘടനയുമായി ചേർന്ന് പരിശീലനകളരി നടത്തി. മൂന്നുപേരാണ് ഈ കളരിയിൽ പങ്കെടുത്തത്. അവർ പൊങ്ങുംപള്ളി, ചുരക്കുളം, കുമ്മിട്ടാംകുഴി, ഇന്ദിരാനഗർ എന്നീ കുടികളിലെ സ്ത്രീകളെ മാസ്‌ക് തുന്നാൻ പഠിപ്പിച്ചു.

ഗോത്രജീവിക സംഘം രൂപവത്കരിച്ചു. തയ്യൽമെഷീനും തുണിയും ഇലാസ്റ്റിക്കും പട്ടികവർഗ വകുപ്പ് സൗജന്യമായി നൽകി. ഒരു മാസ്‌കിന് അഞ്ച് രൂപ നിരക്കിൽ വകുപ്പ് തിരികെ വാങ്ങുകയും ചെയ്തു. രണ്ടാം തരംഗത്തിൽ ഈ മാസ്‌കുകളാണ് കുടികളിൽ സംരക്ഷണം ഒരുക്കുന്നത്.

പതിനായിരം മാസ്‌കുകൾ ഇതുവരെ ഇവർ പട്ടികവർഗ വകുപ്പിന് നൽകി. ട്രൈബൽ പ്രൊമോട്ടർമാർ ഈ മാസ്‌കുകൾ വിവിധ കുടികളിൽ വിതരണം ചെയ്തുവരികയാണ്. കൂടുതൽ മാസ്‌കുകൾ തുന്നുകയാണ് വനിതകൾ. മറയൂർ ട്രൈബൽ ഓഫീസർ വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.

Content Highlights: gothra jeevika self service kerala