തൃശ്ശൂർ: ‘‘അയ്യോ പാവം, ആ മനുഷ്യന്റെ അവസ്ഥ...’’ ചരക്കു തീവണ്ടികൾ കടന്നു പോവുമ്പോൾ, ഏറ്റവും പിന്നിലെ ബോഗിയിൽ ഗാർഡിനെ കാണുന്നവരുടെ തോന്നലാണിത്. വെള്ളക്കുപ്പായക്കാരായ ഗാർഡുമാരുടെ വിരസമായ ഈ ഏകാന്ത യാത്ര വൈകാതെ അവസാനിക്കും. ഗാർഡിനു പകരമുള്ള ഉപകരണം വന്നു കഴിഞ്ഞു. ദക്ഷിണ റെയിൽവേയിൽ നടപ്പാക്കിയില്ലെങ്കിലും വടക്കൻ റെയിൽവേയിൽ നിന്നും ഈസ്റ്റ്കോസ്റ്റ് റെിൽവേയിൽനിന്നും ഉള്ള ഗാർഡില്ലാ ചരക്കു വണ്ടികൾ കേരളത്തിലേക്കും വന്നുതുടങ്ങി. എൻഡ് ഓഫ് ട്രയിൻ ടെലിമെട്രി (ഇ.ഒ.ടി.ടി.) എന്നാണ് ഈ ഉപകരണത്തിന്റെ പേര്. അവസാന ബോഗിക്കുപിന്നിൽ ഇത് ഘടിപ്പിക്കുന്നതോടെ ഗാർഡിന്റെ ആവശ്യമില്ലാതാവും. യാത്രാവണ്ടികളിൽ ഗാർഡുമാരുടെ സേവനം തുടരും.

രണ്ടുഭാഗങ്ങളുള്ളതാണ് ഇ.ഒ.ടി.ടി. എൻജിൻ മുറിയിൽ ലോക്കോപൈലറ്റിന്റെ നിരീക്ഷണത്തിനുള്ള ഹെഡ് ഓഫ് ട്രെയിനും വാലറ്റത്ത് ഘടിപ്പിക്കുന്ന എൻഡ് ഓഫ് ട്രെയിനും ആണിവ. ജി.പി.എസ്. സംവിധാനമായാണ് പ്രവർത്തനം. പിന്നിലെ ഗാർഡ് കാണിക്കുന്ന സിഗ്നൽ ലൈറ്റാണ് (മുമ്പ് പച്ചക്കൊടി) തീവണ്ടി പൂർണമായും സ്റ്റേഷൻ വിട്ടു എന്നതിന്റെ ആധികാരിക തെളിവ്. ഉപകരണം വരുന്നതോടെ ഇതിൽ നിന്ന് സ്റ്റേഷൻ മാസ്റ്റർക്ക് സന്ദേശം ലഭിക്കും. അവസാന ബോഗിയിലെ വരെ ബ്രേക്ക് പ്രഷറും ഉപകരണത്തിൽ രേഖപ്പെടുത്തും. ബോഗികൾ വേർപെട്ടാൽ ലോക്കോപൈലറ്റിനും അടുത്തുള്ള സ്റ്റേഷൻ മാസ്റ്റർക്കും ഉടൻ വിവരം ലഭിക്കും.

ഗാർഡ് ജോലിയുടെ ഓർമയിൽ ടി.ഡി. രാമകൃഷ്ണൻ

1994-ലാണ് സംഭവം. വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനും ഇടയ്ക്കുവെച്ച് രാത്രി രണ്ടിന് ഒരു ചരക്കു വണ്ടിയുടെ ബോഗികൾ വേർപ്പെട്ടു. ഏറ്റവും പിന്നിലെ ഗാർഡ് റൂമിൽ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണനായിരുന്നു ഡ്യൂട്ടി. വണ്ടി നിന്നപ്പോൾ പിടിച്ചിട്ടതായിരിക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ ബ്രേക്ക് പ്രഷർ പൂജ്യത്തിലേക്ക് താഴ്ന്നപ്പോൾ ഏതു ബോഗിയിലാണ് പ്രശ്നമെന്ന് കണ്ടെത്താൻ മുന്നിലേക്ക് നടന്നു. അപ്പോഴാണ് എൻജിനും 10 ബോഗികളും ഇല്ലെന്നറിഞ്ഞത്. ഉടൻ പിന്നോട്ടോടി. 400 മീറ്റർ പിന്നിലെത്തി, ട്രാക്കിൽ ചുവന്ന സിഗ്നൽ പിടിച്ചു നിന്നു. അപ്പോഴേക്കും വള്ളത്തോൾനഗർ സ്റ്റേഷനിൽനിന്ന് സിഗ്നൽ കൊടുത്ത് ‘തലഭാഗത്തെ’ നിർത്തി. പിന്നോട്ടു കൊണ്ടുവന്ന് ‘വാൽഭാഗത്തെ’ ചേർത്ത് യാത്ര തുടർന്നു. പാലക്കാട് ഡിവിഷനിൽനിന്ന് ചീഫ് കൺട്രോളറായാണ് രാമകൃഷ്ണൻ വിരമിച്ചത്.