സ്വര്‍ണക്കടത്ത് പൊട്ടിക്കും. പാര്‍ട്ടികളുമായി ബന്ധമുള്ളവരുടെ കൈയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെങ്കില്‍ അത് തിരികെ വാങ്ങിക്കൊടുക്കും. പാര്‍ട്ടിയില്‍ ഭാരവാഹിത്വമൊന്നുമില്ലാത്ത കൂത്തുപറമ്പിലെ ഒരു പ്രമുഖന്റെ പ്രധാന പരിപാടികളിലൊന്ന് ഇതാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പമുള്ള ഉന്നതന്റെ ബന്ധുവാണെന്നതാണ് ഇദ്ദേഹത്തിന്റെ സ്വാധീനത്തിന് കാരണം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സി.പി.എമ്മുമായി അടുപ്പമുള്ള  പാനൂരിലെ ഒരാളുടെ കള്ളക്കടത്ത് സ്വര്‍ണം തൊക്കിലങ്ങാടിക്കാരനായ പാര്‍ട്ടി ക്വട്ടേഷന്‍ അംഗത്തിന്റെ നേതൃത്വത്തില്‍ തട്ടിയെടുത്തപ്പോള്‍  സ്വര്‍ണക്കടത്തുകാര്‍ ഈ പ്രമുഖനെയാണ് ആദ്യം സമീപിച്ചത്. സ്വര്‍ണം തിരികെ കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും  ക്വട്ടേഷന്‍ ടീം വഴങ്ങിയില്ല.

ഒടുവില്‍ സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ള സംഘത്തെ തൊക്കിലങ്ങാടിക്ക് സമീപം വാടകക്ക് താമസിപ്പിച്ച് തന്ത്രപരമായി തിരിച്ചെടുപ്പിക്കുകയായിരുന്നു. ഗുഡ്സ് ഓട്ടോ ഡ്രൈവറായ ക്വട്ടേഷന്‍ സംഘാംഗമാണ് സ്വര്‍ണം തട്ടിയത്. അയാളുമായി വാടകയ്ക്ക് താമസിക്കുന്നവര്‍ പരിചയത്തിലാവുകയും ഒരു ദിവസം വീട്ടില്‍നിന്ന് ഫ്രിഡ്ജ് കൊണ്ടുപോവാനാണെന്ന വ്യാജേനെ വിളിച്ചുവരുത്തി അകത്തിട്ടുപൂട്ടുകയായിരുന്നു. ഈ സംഭവത്തോടെ ക്വട്ടേഷന് നേതൃത്വം കൊടുത്തയാള്‍  സി.പി.എമ്മുമായി അകന്നു. അതോടെ  തൊക്കിലങ്ങാടിയില്‍  മറ്റൊരിടത്തേക്ക്  താമസം മാറ്റേണ്ടിവരികയും ചെയ്തു. പക്ഷേ, സ്വാധീനമുപയോഗിച്ച് കാസര്‍കോട് ഇത്തരമൊരു സെറ്റില്‍മെന്റിനു പോയെങ്കിലും അടികിട്ടി ഒടുവില്‍ ആശുപത്രിയില്‍ കിടക്കേണ്ടിവന്നു.

രാഷ്ട്രീയ ക്വട്ടേഷനിലൂടെ വളര്‍ത്തിയെടുത്ത ഒരുപാട് യുവാക്കളുണ്ട് ഇദ്ദേഹത്തിന്റെ കീഴില്‍. ചെങ്കല്‍ ക്വാറികളുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളുണ്ടെങ്കിലും സ്വര്‍ണക്കടത്ത് പൊട്ടിക്കുന്ന സംഘത്തില്‍ ഇദ്ദേഹവുമുണ്ടെന്നാണ് പറയുന്നത്. കൂത്തുപറമ്പിന്റെ തൊട്ടടുത്ത പ്രദേശമായ മൂന്നാംപീടികയില്‍ ഇദ്ദേഹത്തിനുവേണ്ടി സ്വര്‍ണവുമായെത്തിയ ഒരു കാരിയര്‍ മറ്റൊരു  ക്വട്ടേഷന്‍ സംഘത്തിന്റെ കൈയില്‍പ്പെട്ടുപോയിരുന്നു. പിന്നാലെ ഫോണ്‍ വിളികള്‍ വന്നതോടെ അവര്‍ കാരിയറെ വിട്ടുകൊടുത്തു.കണ്ണൂരിലെ പല ഓപ്പറേഷനുകളിലും പങ്കാളിയാണെന്ന് കരുതുന്ന ഇദ്ദേഹം ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായിരുന്നു. പാര്‍ട്ടി അംഗമല്ല എന്നാണ് പറയുന്നതെങ്കിലും നാലുകൊല്ലം മുമ്പ് ഇദ്ദേഹത്തെ ഒരു കേസില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അന്ന് സി.പി.എം. പ്രവര്‍ത്തകര്‍ വീട് വളഞ്ഞ്  സംരക്ഷണം തീര്‍ത്തു.

(മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന ''സ്വര്‍ണക്കടത്തിന്റെ കൊടിയടയാളം'' എന്ന പരമ്പരയില്‍ നിന്ന്) പരമ്പര വായിക്കാം.